തിരുവനന്തപുരം: സർക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത്, മയക്കുമരുന്നു ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്.കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം.പക്ഷെ ഇപ്പോൾ ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി വിജിലൻസ് അധ:പതിച്ചിരിക്കുന്നു.ലൈഫ് പദ്ധതി ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ കൃത്യമായ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലൻസ് ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തത് വിജിലൻസിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്.പാലാരിവട്ടം പാലം നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയില്ല.മാത്രമല്ല ഇടതു സർക്കാർ തുടർന്ന് ആയിരം കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതേ കമ്പനിക്ക് നൽകുകയും ചെയ്തു.ഇതിൽ നിന്നും എത്ര തുകയാണ് സിപിഎം കൈപ്പറ്റിയത്.അതുകൊണ്ട് ഈ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും വമ്പിച്ച ക്രമക്കേടുണ്ട്.സിപിഎമ്മുമായി ബന്ധമുള്ള സ്ഥാപനത്തിനാണ് കിഫ്ബി പദ്ധതികളുടെ ഭൂരിഭാഗം കരാറുകളും നൽകിയത്.എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഈ സ്ഥാപനത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഈ വെള്ളാന നികുതി ദായകന്റെ കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടേയും ഉപജാപകവൃന്ദത്തിന്റേയും അനുവാദത്തോടെ കട്ടുമുടിച്ച് കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയ സത്യസന്ധതയും നട്ടെല്ലും ഉണ്ടെങ്കിൽ ഈ സ്ഥാപനത്തെ കുറിച്ച് ഏത് കേന്ദ്ര ഏജൻസിയും അന്വേഷണം നടത്തട്ടെയെന്ന് പറയാനുള്ള ആർജ്ജവ ബോധവും നെഞ്ചുറപ്പും മുഖ്യമന്ത്രി കാട്ടണം.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തി ഗുരുതരമായ മറ്റ് അഴിമതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.