- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണക്കടത്ത് കേസ്: ബിജെപിയെ സ്വാധീനിക്കാൻ ഉത്തരമലബാറിലെ ജ്യോതിഷിയെ മുഖ്യമന്ത്രിയും കൂട്ടാളികളും ഉപയോഗിക്കുന്നു; പിണറായിലെ കൺവെൻഷൻ സെന്റർ എകെജി സെന്ററാക്കി മാറ്റിയാണ് മുഖ്യമന്ത്രിയുടെ രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും; കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാൻ; ആരോപണങ്ങൾ കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ തുടക്കം മുതൽ ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയതെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ബിജെപിക്കുമുണ്ട്.
ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജൻസികൾ കുറ്റകരമായ അനാസ്ഥകാട്ടുന്നത് അതിന് തെളിവാണ്. ഈ കാലവിളംബത്തിന് ഏജൻസികൾ മറുപടി പറയണം.ആരോപണ വിധേയർക്ക് തെളിവുകൾ ഓരോന്നായി നശിപ്പിക്കാനുള്ള സാവകാശം കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും നൽകിയ രഹസ്യമൊഴിയിൽ മന്ത്രിസഭയിലെ പ്രമുഖരുടെയും സിപിഎം നേതാക്കളും അവരുടെ കുടുബാംഗങ്ങളുടെയും പേരും വെളുപ്പെടുത്തിയതായാണ് വിവരം.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമമായ പിണറായിലെ കൺവെൻഷൻ സെന്റർ എകെജി സെന്ററാക്കിമാറ്റി അവിടെ ഇരുന്നാണ് മുഖ്യമന്ത്രി രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും നടത്തുന്നത്. കേന്ദ്ര ഏജൻസികൾക്ക് ഇതുസംബന്ധമായി എല്ലാ വിവരം ലഭ്യമായിട്ടും അവർ മൗനം ഭജിക്കുകയാണ്.ഇത് എന്തിന് വേണ്ടിയാണെന്നും അത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും കണ്ടെത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി രഹസ്യമായി ഇത്തരം നീക്കങ്ങൾ നടത്തുന്നിന് പിന്നിൽ വൻ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാൻ:മുല്ലപ്പള്ളി
സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂർ കൊച്ചിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേസിന്റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവർത്തിക്കുന്നത്.ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലബാറിലേത് ദുർഭരണത്തിനെതിരായ വിധിയെഴുത്ത്:മുല്ലപ്പള്ളി
മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാർ മേഖലയിലെ ജനങ്ങൾ ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരായി വിധിയെഴുതാൻ സജ്ജരായെന്ന് മുല്ലപ്പള്ളി.
കമ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നുള്ള മോചനമാണ് മലബാർ ജനത ആഗ്രഹിക്കുന്നത്.ജനതയെ വഞ്ചിച്ചവരാണ് സിപിഎമ്മുകാർ. അവരുടെ അവസരവാദ രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നടന്നത്. ഒന്നും രണ്ടും ഘട്ടത്തിൽ പ്രകടമായ കനത്ത പോളിങ് ശതമാനം അതിന്റെ സൂചനയാണ്.
വാക്കും പ്രവർത്തിയും രണ്ടായി കൊണ്ടു നടക്കുന്നവരാണ് സിപിഎമ്മുകാർ. ആഡംബരങ്ങളുടേയും രാജകീയ സുഖസൗകര്യങ്ങളുടേയും നടുവിലാണ് സിപിഎം ഭരണാധികാരികൾ അഭിരമിക്കുന്നത്. സ്വന്തം അണികളോട് പോലും നീതിപുലർത്താൻ സിപിഎമ്മിനെ ഇപ്പോൾ നയിക്കുന്ന നേതക്കൾക്കായില്ല.അതിനെതിരായ പ്രതിഷേധം ഇരമ്പുന്ന ജനവിധി കൂടിയായിരിക്കും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന മലബാർ മേഖയിലേത്. അഭ്യസ്തവിദ്യരായ യുവാക്കളുടേയും തൊഴിലാളികളുടേയും രോഷാഗ്നിയും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.ഇടതു ഭരണത്തിൽ ഏറ്റവും കൂടുതൽ അവഗണ നേരിടേണ്ടി വന്നതും മലബാർ മേഖലയാണ്. ഇതിനെല്ലാമെതിരായ ജനവിധിയാണ് മലബാറിലെ പ്രബുദ്ധരായ വോട്ടർമാർ ഇടതുസർക്കാരിന് സമ്മാനിക്കാൻ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ