തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീക്കൊളുത്തി മരിക്കാനിടയാക്കിയ സംഭവം സർക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജന്റെയും അമ്പിളിയുടെയും നെയ്യാറ്റിൻകരയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.മേൽക്കോടതി നടപടി വരുന്നതുവരെ സാവകാശം നൽകാതെ പൊലീസ് നടത്തിയ മനഃപൂർവ്വമായ നരഹത്യയാണിത്. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവം നടന്ന് മണിക്കൂറുകൾക്കകം കുടിയൊഴിപ്പിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. പൊലീസ് അവധാനതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ സമൂഹത്തിന്റെ നൊമ്പരമായി മാറിയ ആ രണ്ട് കുട്ടികളുടെ മതാപിതാക്കൾക്ക് ജീവൻ നഷ്ടമാക്കില്ലായിരുന്നു. അച്ഛന്റേയും അമ്മയുടേയും വേർപാടിൽ ദുഃഖിക്കുന്ന കുട്ടികൾക്ക് കെപിസിസി സഹായം നൽകും. ബുധനാഴ്ച നടക്കുന്ന ശവസംസ്‌ക്കാര ചടങ്ങുകൾക്ക് ശേഷം അത് കെപിസിസി പ്രഖ്യാപിക്കുകയും അന്ന് തന്നെ അത് കൈമാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള മന:സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം.ഇത്തരം സംഭവങ്ങൾക്ക് ആവർത്തിക്കാപ്പെടാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ കൂടുതൽ ശ്രദ്ധിക്കണം. നിരാലംബരായ ആ കുടുംബത്തെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിന്റെ വൈകി വന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നു.ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല.നെയ്യാറ്റിൻകരയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം വാഹനം കയറി യുവാവിന് ജീവൻ നഷ്ടമായതും പിഎസ് സി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്ന് മറ്റൊരു യുവാവ് ആത്മഹത്യ ചെയ്തതും കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറിമാരായ കെപി അനിൽകുമാർ,മണക്കാട് സുരേഷ്,രതികുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥ് തുടങ്ങിയവരും കെപിസിസി പ്രസിഡന്റിനൊപ്പം വീട് സന്ദർശിച്ചു.