തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരു പോലെ പ്രീണിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഗവർണ്ണർ നിയമസഭയിൽ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊള്ളയായ അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉടനീളം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പൂർണ്ണമായും വഞ്ചിച്ച സർക്കാരാണിത്.പിഎസ്‌സിയെ നോക്കുകുത്തിയാക്കുകയും അതിന്റെ വിശ്വാസ്യത തകർക്കുകയും ചെയ്തു. പിൻവാതിൽ വഴി സിപിഎമ്മുകാരെ നിയമിക്കുന്ന സർക്കാരാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന കല്ലുവച്ച നുണ നിയമസഭയിൽ പ്രഖ്യാപിച്ചത്.ഇത് പരിഹാസ്യമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടന്ന് വരുമെന്നിരിക്കെ അനധികൃതമായി താൽക്കാലിക നിയമനം നേടിയ സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ.ഇത് അധാർമികമായ നപടിയാണ്. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനം ലഭിക്കാത്തിന്റെ പേരിൽ മനം നൊന്ത് ഉദ്യോഗാർത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.യുവാക്കളോടുള്ള ഈ സർക്കാരിന്റെ മനോഭാവം ക്രൂരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നാലേമുക്കാൽ വർഷത്തെ ഇവരുടെ ഭരണം സംസ്ഥാനത്തിന്റെ സമസ്തമേഖലകളും തകർത്ത് തരിപ്പണമാക്കി.അടിസ്ഥാന വികസനം,നാലുവരിപ്പാതകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ പ്രവർത്തനം സാമ്പത്തിക പ്രതിസന്ധിമൂലം നിലച്ചു.ഇവയെല്ലാം ജനങ്ങളിൽ നിന്നും മറച്ച് വച്ചാണ് മുഖ്യമന്ത്രിയും ഭരണകൂടവും മുന്നോട്ട് പോകുന്നത്.

സർക്കാരിന്റെ നിത്യനിദാന ചെലവുകൾക്ക് പോലും പണമില്ല.ആയിരക്കണക്കിന് കോടികളുടെ കടബാധ്യതയാണ് ഇപ്പോൾ തന്നെ. തിരിച്ചടവ് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഒരു ധാരണയും സർക്കാരിനില്ല.കുചേലന്മാരായ മന്ത്രിമാരും സിപിഎം നേതാക്കളും കുബേരന്മാരായി എന്നതൊഴിച്ചാൽ കാര്യമായ ഒരു പുരോഗതിയും സംസ്ഥാനത്തിനില്ല.ആഡംബരത്തിനും ഇഷ്ടക്കാരെ പരിപോഷിക്കുന്നതിനും ഒരു മടിയും മന്ത്രിമാർ കാട്ടാറില്ല.എന്തിനാണ് ഇപ്പോൾ ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം കുത്തനെ വർധിപ്പിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.

തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കുമ്പോൾ വാഗ്ദാനപ്പെരുമഴയുമായാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ പോലും വിതരണം ചെയ്യാനുള്ള സാമ്പത്തിക ശേഷി സർക്കാരിന് കാണില്ല. പൊതുവിതരണ സംവിധാനം തന്നെ തകർക്കപ്പെടും. ദീർഘവീക്ഷണ മില്ലാതെയാണ് കോടികൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉയർന്ന പലിശയ്ക്ക് കടം എടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് സർക്കാർ.ആരോപണ വിധേയനായ സ്പീക്കറെ ഒഴിവാക്കാതെ സഭാസമ്മേളനം നിയന്ത്രിക്കാൻ അനുമതി നൽകിയ നടപടി ജനാധിപത്യത്തിന്റെ ശ്രീകോവിലായ സഭയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.