തിരുവനന്തപുരം: ഇടതു സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും അനർഹമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.മന്ത്രിസഭായോഗ തീരുമാനങ്ങൾക്ക് ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തലിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിന് നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയത്. ഇതെല്ലാം റദ്ദ് ചെയ്യാനുള്ള തീരുമാനമാണോ മന്ത്രിസഭായോഗത്തിൽ സർക്കാർ എടുത്തത്. ആ കാര്യം വിശദീകരിക്കണം. താൽക്കാലിക നിയമനങ്ങൾ ചട്ടം പാലിച്ചാണോയെന്നത് പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ താൽക്കാലിക നിയമനങ്ങളിൽ നിന്നും പിന്മാറാനുള്ള പ്രധാന കാരണം.ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. അവർക്ക് അർഹതയുള്ള നിയമനങ്ങൾ കൊടുക്കാൻ നടപടികൾ സ്വീകരിക്കുമോ? അല്ലെങ്കിൽ സർക്കാരിന്റെ ഇപ്പോഴത്തെ നടപടി മറ്റൊരു കബളിപ്പിക്കലെന്ന് മാത്രമേ പറയാനുള്ളൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനർഹമായ പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കാതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സമരത്തിലുള്ള ഉദ്യോഗാർത്ഥികളുമായി ഒരു ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.ആത്മാർഥതയും സുതാര്യതയും സത്യസന്ധതയും വേണം ഒരു ഭരണാധികാരിക്ക്. അല്ലാതെ ജനങ്ങളെ വഞ്ചിക്കുക എന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. അതാണ് കേരളത്തിൽ സംഭവിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഓരോന്നും പരിശോധിച്ച് അനർഹരായ ആളുകളെ സർവീസിൽ നിന്നും പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.