തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത് സിപിഎം കണ്ണൂർ ലോബിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയത്.അനർഹരായ നിരവധിപ്പേരെ പിൻവാതിൽ വഴി നിയമിച്ചു. അത്തരം നിയമനങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകണം.കണ്ണൂർ ലോബി പലർക്കും ജോലി വാഗ്ദാനം ചെയ്തു.എന്നാൽ അത് പൂർണ്ണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാൽ പിൻവാതിൽ നിയമനം തുടരുമെന്ന മുഖ്യമന്ത്രി പറഞ്ഞത്.ഇത് ധാർഷ്ട്യമാണ്.എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പിഎസ്സ്സി നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിൽ 12,239 നിയമനം നടന്നിട്ടുണ്ടെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് 4791 ആയി കുറച്ചു കാണിച്ചു. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകൾ മറച്ചുപിടിച്ച് പൊതുജനത്തിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്.യുവജനതയെ വിശ്വാസത്തിലെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബംഗാൾ സർക്കാരിനെതിരെ സമാന വിഷയത്തിൽ സിപിഎമ്മിന്റെ യുവജന വിദ്യാർത്ഥി സംഘടനകൾ സമരംഗത്താണ്. കേരളത്തിൽ സിപിഎം യുവജന സംഘടനകളെ കാണാനില്ല.സമരം നടത്തുന്ന ഉദ്യോഗാർത്ഥികളെ ഡിവൈഎഫ്ഐക്കാർ രാത്രിയുടെ അവസാനയാമങ്ങളിൽ ഇരുട്ടിന്റെ മറവിൽ ചർച്ചയ്ക്ക് വിളിച്ച് അവർ സ്വയംപരിഹാസ്യരാവുന്നു.അവർ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാർത്ഥികൾ അംഗീകരിക്കാത്തതിന്റെ പ്രതികാര ബുദ്ധിയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമം

ന്യായമായ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ് യു നടത്തിയ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നയിം ബോർഡ് ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് വിദ്യാർത്ഥികളെ നരനായാട്ട് നടത്താൻ മുഖ്യമന്ത്രി നിയോഗിച്ചത്.ഇത് കാടത്തമാണ്.പെൺകുട്ടികളെ പുരഷപൊലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്.വിദ്യാർത്ഥികളുടെ തലയ്ക്കടിച്ച് ക്രൂരമായിട്ടാണ് പൊലീസ് പരിക്കേൽപ്പിച്ചത്.സമാധാനപരമായി സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത് പൊലീസാണ്.അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.