തിരുവനന്തപുരം: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പിൻവാതിൽ നിയമനങ്ങളിലൂടെ പതിനായിരക്കണക്കിന് സിപിഎം അനുഭാവികളെയാണ് സംസ്ഥാന സർക്കാർ നിയമിച്ചത്. പിഎസ്എസി ഉദ്യോഗാർത്ഥികൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തിയത്. ഹൈക്കോടതി കേസ് പരിഗണിക്കാൻ ഇരിക്കേയാണ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുൻപായി നിയമസഭയിൽ 20 തസ്തിക സൃഷ്ടിച്ചതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 51 ദിവസവേതനക്കാർക്ക് കരാർ നിയമനം നൽകിയതും. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തിയത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് ഹൈക്കോടതി വിധി.

അധികാരം കിട്ടുമ്പോൾ വീണ്ടും പിൻവാതിൽ നിയമനം നടത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.അതുകൊണ്ട് ഈ സർക്കാർ അധികാരത്തിൽ വരില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.അഭ്യസ്തവിദ്യാരോട് ഒരു നീതിയും പുലർത്താത്ത സർക്കാരാണിത്. ഈ സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ യഥാർത്ഥ കണക്ക് പുറത്ത് വിടാൻ മുഖ്യമന്ത്രി നാളിതുവരെ തയ്യാറായിട്ടില്ല. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അനർഹമായ എല്ലാ താത്കാലിക നിയമനങ്ങളും പുനപരിശോധിക്കും.സർക്കാർ നിയമനം സുതാര്യമാക്കാൻ ഉതകുന്ന നിയമനിർമ്മാണം യുഡിഎഫ് നടപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ സർക്കാരിന്റെ യുവജന വഞ്ചയ്ക്കെതിരെ പ്രതിഷേധിച്ചവരെ ലാത്തികൊണ്ട് അടിച്ചൊതുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.പിഎസ്സ്സി ഉദ്യോഗാർത്ഥികൾ ഒന്നര മാസം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരുന്നിട്ടും ഒരു മന്ത്രി പോലും അവരെ തിരിഞ്ഞുനോക്കിയില്ല. ചർച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യം ഉദ്യോഗാർത്ഥികൾ ഉന്നയിച്ചപ്പോൾ അവരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണ് മന്ത്രിമാർ ചെയ്തത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ സമരം തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് അവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്.പെരുമാറ്റചട്ടം നിലനിൽക്കെ സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ എത്രത്തോളം ഫലം കാണുമെന്നതിലും ആശങ്കയുണ്ട്.സർക്കാരിന്റെ ഒത്തുതീർപ്പ് ഫോർമുല ഉദ്യോഗാർത്ഥികളെ വഞ്ചിക്കാനായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.