തിരുവനന്തപുരം: അമിത് ഷായുടെയും മോദിയുടെയും വിനീതവിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെ അധിക്ഷേപിക്കാൻ ധാർമികമായ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കെപിസിസി അധ്യക്ഷൻ എന്നനിലയിൽ കഴിഞ്ഞ രണ്ടുവർഷം താൻ ഉന്നയിച്ച ആക്ഷേപങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അതിന് മറുപടി പറയണം. അല്ലാതെ തനിക്ക് എവിടെനിന്ന് ഇത്തരം വിവരം കിട്ടിയെന്ന് തിരക്കുകയല്ല മുഖ്യമന്ത്രി ചെയ്യണ്ടത്. തനിക്ക് ആരാണ് വിവരം തരുന്നത് എന്നോർത്ത് മുഖ്യമന്ത്രി മെനക്കെടേണ്ട.മുഖ്യമന്ത്രിയുടെ ഇന്റലിജെൻസ് വിഭാഗം എത്ര പരിശോധിച്ചാലും അത് ലഭിക്കുകയുമില്ല.

ടിപി ചന്ദ്രശേഖർ വധം നടന്ന് മണിക്കൂറുകൾക്ക് അകം സിപിഎമ്മാണ് പ്രതികളെന്ന് ആദ്യം പറഞ്ഞത് താനാണ്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തനിക്കെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളിയത് ഇന്നും മറന്നിട്ടില്ല.ടിപി വധത്തിൽ വമ്പൻ സ്രാവുകൾ പിടിക്കപ്പെട്ടില്ലെന്ന് പറഞ്ഞതാണ്.അതിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. അമിത് ഷായുടെയും മോദിയുടെയും ഇടപെടൽ ഇല്ലാതെ ടിപി വധത്തെ കുറിച്ച് സത്യസന്ധമായി സിബിഐ അന്വേഷിച്ചാൽ വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങുക തന്നെ ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ച സമയത്ത് സത്യസന്ധവും ഭരണഘടന അനുസൃതവുമായിട്ടാണ് പ്രവർത്തിച്ചത്.തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയാണ് ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.