- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവിന്റെ മരണം: മുഖ്യമന്ത്രിയുടേയും പിഎസ് സി ചെയർമാന്റെയും പേരിൽ പ്രേരണാകുറ്റത്തിന് കേസെടുക്കണം; എന്തു നൽകിയാലും അനുവിന് പകരമാകില്ല; അനുവിന്റെ സഹോദരന് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയർമാന്റേയും പേരിൽ ഐ.പി.സി 309 പ്രകാരം പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കാരക്കോണത്തുള്ള അനുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
അനുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അത്യന്തം ദാരുണമായ സംഭവമാണ്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാത്ത അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് യുവതീ യുവാക്കളുടെ പ്രതീകമാണ് അനു. സംസ്ഥാന സർക്കാരും പി.എസ്.സിയും യുവാക്കളോട് ക്രൂരതയാണ് കാട്ടുന്നത്. ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാൽ നിയമന വിലക്ക് ഏർപ്പെടുത്തുമെന്ന നിലപാടാണ് പി.എസ്.സിക്കുള്ളത്. പി.എസ്.സിയുടെ ഇത്തരം വിചിത്ര നിലപാടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കെതിരെ പ്രതിഷേധം ഉയർത്തിയാൽ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി തന്റെ സായാഹ്ന വാർത്താസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.പി.എസ്.സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത പാർട്ടിയുടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നതെന്നതാണ് ഏറെ പരിഹാസ്യം. ആത്മഹത്യ ചെയ്ത അനുവിനെ പോലുള്ള പതിനായിരക്കണക്കിന് യുവതീ യുവാക്കൾ നിയമനം കാത്തുനിൽക്കുമ്പോഴാണ് സിപിഎമ്മിന്റെ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും പിൻവാതിൽ വഴി നിയമനങ്ങളുടെ ഘോഷയാത്ര നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പി.എസ്.സി പരീക്ഷയെഴുതി ജോലി നേടുകയായിരുന്നു അനുവിന്റെ ലക്ഷ്യം. പി.എസ്.സിയുടെ വിവിധ തസ്തികയിലേക്ക് നടന്ന നാലു റാങ്ക് പട്ടികയിലും അനു ഇടം നേടിയിരുന്നു.ആത്മത്യ ചെയ്ത അനു നിർധന കുടുംബത്തിലെ അംഗമാണ്.വലിയ കടബാധ്യതയും ഉയർന്ന പലിശയും കാരണം ലോൺ തിരിച്ചടവ് തന്നെ മുടങ്ങിക്കിടക്കുകയാണ്. ആ കുടുംബത്തിന്റെ അവസ്ഥ നേരിൽ കണ്ടുമനസിലാക്കാൻ തനിക്കുകഴിഞ്ഞു.എന്തു നൽകിയാലും അനുവിന് പകരമാകില്ല. അനുവിന്റെ സഹോദരന് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ