തിരുവനന്തപുരം: കേരളത്തിലും കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയും ആർഎസ്എസും തന്നെയെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ പ്രസിഡന്റ് കെ.സുധാകരൻ ഈ നിലപാടിലേക്കു വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎം ആണ് കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു എന്ന സുധാകരന്റെ പ്രസ്താവനയിലാണ് പ്രതികരണം.

കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയിലെ കടുത്ത അതൃപ്തി മുല്ലപ്പള്ളി പ്രകടിപ്പിച്ചു. വിവാദത്തിലേക്കും പരസ്യ ചർച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. ആശയക്കുഴപ്പത്തിനും മാധ്യമ ചർച്ചകൾക്കും വഴിയൊരുക്കേണ്ടിയിരുന്നില്ല. മറിച്ചു സംഭവിച്ചതിൽ വലിയ വിഷമം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉറങ്ങുന്ന പ്രസിഡന്റിനെ കെപിസിസിക്ക് വേണ്ടെന്ന ഹൈബി ഈഡൻ എംപിയുടെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. ബോധമുള്ളവർക്ക് അങ്ങനെ പറയാനാവില്ലെന്നായിരുന്നു മറുപടി. നേരത്തെ കേരളത്തിൽ സിപിഐ.എമ്മാണ് കോൺഗ്രസിന്റെ മുഖ്യശത്രുവന്ന് സുധാകരൻ പറഞ്ഞിരുന്നു. ദേശീയതലത്തിൽ ബിജെപിയാണ് മുഖ്യ എതിരാളിയെങ്കിലും കേരളത്തിൽ ബിജെപി. വലിയ ശക്തിയല്ലെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് സുധാകരൻ പറഞ്ഞിരുന്നത്. കെ. മുരളീധരനും സുധാകരനെ തള്ളി രംഗത്തെത്തിയിരുന്നു.

ബിജെപിയോടുള്ള മൃദുസമീപനമാണ് കേരളത്തിൽ കോൺഗ്രസിനെ ന്യൂനപക്ഷങ്ങളിൽനിന്ന് അകറ്റിയതെന്ന് മുരളീധരൻ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി. ആണ് എന്നത് മറക്കരുതെന്നും പാർട്ടിയിലെ ജംബോ കമ്മറ്റികൾ പിരിച്ചുവിടണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.