- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല-സിഎഎ കേസുകൾ പിൻവലിക്കുന്നത് പൊതുസമൂഹത്തിന്റെ വിജയം; മുഖ്യമന്ത്രി ഇത് ആദ്യം അംഗീകരിക്കാതിരുന്നത് ദുരഭിമാനം മൂലം; തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ തീരുമാനമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ വൈകിയ വേളയിലെങ്കിലും പിൻവലിക്കാൻ സർക്കാർ തയ്യാറായത് കേരളീയ പൊതുസമൂഹത്തിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ശബരിമല വിഷയം,പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ മുഴുവൻ പിൻവലിക്കണമെന്ന് കോൺഗ്രസ് തുടക്കം മുതൽ കേരള സർക്കാരിന് ആവശ്യപ്പെട്ടെങ്കിലും ദുരഭിമാനിയായ മുഖ്യമന്ത്രി ഇത് ഉൾക്കൊള്ളാൻ ആദ്യം തയ്യാറായില്ല.
ശബരിമല വിഷയുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ വീട്ടമ്മമാരുൾപ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെ പേരിൽ നിസ്സാരകാരണങ്ങൾക്കാണ് സർക്കാർ കേസെടുത്തത്.ഇത് പിൻവലിക്കണമെന്ന് കോൺഗ്രസും എൻഎസ്എസ് പോലുള്ള സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ മുഖവിലയ്ക്കെടുക്കാൻ തയ്യാറായില്ല.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുന്ന തിരിച്ചറിവിൽ നിന്നാണ് ഒടുവിൽ ഇപ്പോൾ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്.ഗത്യന്തരമില്ലാത്തതിനാലാണ് സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. സർക്കാർ നടപടി ഒട്ടും ആത്മാർത്ഥതയില്ലാത്തതാണെന്നും അധികാരത്തിൽ എത്തിയാൽ ഈ കേസുകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയാതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടുകളാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത്.വിശ്വാസ സംരക്ഷണത്തിനും സർക്കാരിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചുമാണ് വിശ്വാസികളും പൊതുസമൂഹവും സമാധാനപരമായി തെരുവിലറങ്ങി പ്രതിഷേധിച്ചത്. പ്രതികാരനടപടികളുടെ ഭാഗമായി വിശ്വാസികൾക്ക് എതിരെ സംസ്ഥാന വ്യാപകമായി കേസെടുക്കുകയായിരുന്നു കേരള സർക്കാർ. സകല നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായി നിയമം കൈയിലെടുത്താണ് വിശ്വാസികൾക്കെതിരെ സർക്കാർ കേസെടുത്തത്.മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും ആധാരമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേസ് പിൻവലിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ വൈകിവന്ന വിവേകമാണ്.മുഖ്യമന്ത്രി തുടർച്ചയായി തലതിരിഞ്ഞ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാൽ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരുമ്പോൾ മുട്ടുമടക്കി സ്വയം പരിഹാസ്യനാവുകയും ചെയ്യും.തെറ്റുതുറന്ന് സമ്മതിക്കാനും അത് തിരുത്താനും മുഖ്യമന്ത്രി ഒരിക്കലും തയ്യാറാകില്ല. തന്റെ നിലപാട് മാത്രമാണ് ശരിയെന്ന കടുംപിടിത്തമാണ് ആദ്യം മുഖ്യമന്ത്രി സ്വീകരിക്കുന്നത്.ഇത് ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.
പതിനായിരക്കണക്കിന് കേസുകളാണ് ഈ സർക്കാർ വന്ന ശേഷം പൊതുജനങ്ങളുടെ പേരിൽ അകാരണമായി ചുമത്തിയത്.കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിലും സമാനരീതിയിൽ നിരവധി കേസുകൾ എടുത്തിട്ടുണ്ട്.അവയിൽ ഭൂരിഭാഗം കേസുകളും രാഷ്ട്രീയ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണ്.
രാഷ്ട്രീയ അന്ധതയുടെ പേരിലാണ് ഇത്തരം കേസുകൾ എടുക്കുന്നത്.ഭരിക്കുന്നവർക്ക് ഒരു നീതിയും എതിർക്കുന്നവർക്ക് മറ്റൊരു നീതിയുമാണ് ഈ സർക്കാർ നടപ്പാക്കുന്നത്.മന്ത്രിമാർ നടത്തുന്ന അദാലത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നാൽ കണ്ണടക്കുന്ന മുഖ്യമന്ത്രിയാണ് പൊതുജനങ്ങളെ അനാവശ്യ കേസുകളിൽ കുടുക്കി വലിയ തുക പിഴചുമത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ