- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും? വിശ്വാസികൾക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നൽകുന്നത്; വിശ്വാസികളെ വീണ്ടും വഞ്ചിക്കാൻ കളമൊരുക്കുകയാണ് സിപിഎം നേതാക്കളെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തിൽ കേരളത്തിലെ സിപിഎം നേതാക്കൾ അടവുനയം പയറ്റുകയാണ്. അതിന്റെ ഭാഗമാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുതലക്കണ്ണീർ.കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്നാണ് യെച്ചൂരി പറയുന്നത്.ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി പറയുന്നു. ഇതിലൂടെ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നൽകുന്നത്.വിശ്വാസികളെ വീണ്ടും വഞ്ചിക്കാൻ കളമൊരുക്കുകയാണ് സിപിഎം നേതാക്കൾ. വിശ്വാസികൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാതിരുന്നതും സിപിഎമ്മിന്റെ ഇതേ നിലപാടിനെ തുടർന്നാണ്.സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കൾ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്.
ശബരിമല വിഷയം സങ്കീർണ്ണമാക്കിയത് സിപിഎമ്മാണ്.സവർണ്ണരും അവർണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തിൽ ചിത്രീകരിച്ചത്.ആപൽക്കരമായ നിപാടാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ സ്വീകരിച്ചത്.സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. യുഡിഎഫ് ഈ വിഷയത്തിൽ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തിൽ വന്നാൽ ആചാരസംരക്ഷണ നിയമ നിർമ്മാണം യുഡിഎഫ് സർക്കാർ നടപ്പാക്കും.ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ