- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിൽ; മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കേന്ദ്ര ഏജൻസികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ശിവശങ്കറിന്റെ ജയിൽ മോചനമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വർഷത്തോളം കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വർണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ കേരള ജനതയെ വിഡ്ഡികളാക്കുക ആയിരുന്നു. ലാവ്ലിൻ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയിൽ ആ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കേന്ദ്ര ഏജൻസികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് എല്ലാ കേസുകളിലും ജാമ്യം നേടി എം.ശിവശങ്കർ ജയിൽ മോചനം.തെളിവുകൾ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല. കേന്ദ്രസർക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടർന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പോലും അന്വേഷണ ഏജൻസികൾ തയ്യാറായില്ല. ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിലും ഗുരുതര വീഴ്ചയാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിലാണ് സിപിഎം ബിജെപിയെ കേരളത്തിൽ വളർത്താൻ ശ്രമിക്കുന്നത്.കേരളീയ ജനത ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഈ രഹസ്യ ധാരണ തിരിച്ചറിയണം.ഇത് അപകടകരമായ രാഷ്ട്രീയ സൂചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സെക്രട്ടേറിയറ്റിൽ സുപ്രധാന രേഖകൾ അഗ്‌നിക്കിരയാക്കിയിട്ടും നിസ്സംഗഭാവമാണ് കേന്ദ്ര ഏജൻസികൾ സ്വീകരിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ച് വിവാദം ഉണ്ടായപ്പോഴും അതേ കുറിച്ച് അന്വേഷിക്കാനോ സെക്രട്ടേറിയറ്റിലെത്തി വിവരം തേടാനോ ഏജൻസികൾ തയ്യാറാകാതിരുന്നതിന് പിന്നിലെ ദുരൂഹതയും താൻ ചൂണ്ടികാണിച്ചതാണ്.തെളിവുകൾ നശിപ്പിക്കാനും സർക്കാരിന്റെ തെറ്റായ നടപടികളെ സംരക്ഷിക്കുന്ന നിലപാടുമാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ