- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ശബ്ദസന്ദേശത്തിലെ കേരള പൊലീസിന്റേയും ജയിൽ വകുപ്പിന്റേയും അന്വേഷണം പ്രഹസനം; സമഗ്രാന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ സന്ദേശം പുറത്തുവന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇപ്പോൾ കേരള പൊലീസിന്റേയും ജയിൽ വകുപ്പിന്റേയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ശബ്ദസന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണം.ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കണം.ജയിൽ നിന്നും ഇത്തരമൊരു സന്ദേശം അയക്കാൻ സ്വപ്നയ്ക്ക് ആരാണ് സഹായം നൽകിയതെന്നത് കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.ജയിൽ ഡിജിപിയും കേരള പൊലീസ് മേധാവിയും ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം തട്ടിപ്പാണ്.കുറ്റക്കാർക്ക് രക്ഷപെടാനുള്ള പഴുത് കണ്ടെത്താനാണ് ഇരുവരും അന്വേഷണം പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എതിരെ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങളിൽ നിന്നും സ്വർണ്ണക്കടത്ത്,മയക്കുമരുന്ന് കേസുകളിൽ നിന്നും ജനശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ കപടതന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ വിവാദം.കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും അത് എത്തും.അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു.അതുകൊണ്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജയിലുകളിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികൾക്ക് എല്ലാ സൗകര്യവും ജയിൽ അധികൃതരും സർക്കാരും നൽകുന്നു.ഇവർക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ ഒത്താശയും ചെയ്യുന്നു.കുറ്റവാളികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയാണ്. കുറ്റകൃത്യങ്ങളുടെ ഭൂതകാല പാരമ്പര്യമുള്ളവരാണ് ഇന്ന് സിപിഎമ്മിന് നേതൃത്വം നൽകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സർക്കാർ തലത്തിൽ നടക്കുന്ന അഴിമതികൾ ലോകത്തോട് വിളിച്ചു പറയാൻ മാധ്യമങ്ങൾ തയ്യാറാകണം.സത്യാന്വേഷണമാണ് മാധ്യമപ്രവർത്തകരുടെ കടമ.മാധ്യമപ്രവർത്തകർ ഒരിക്കലും സമ്മർദ്ദങ്ങൾക്ക് അകപ്പെടരുത്.യുഡിഎഫ് നേതാക്കൾക്കെതിരായ നടപടി സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്ല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ