തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട സിപിഎം ഈ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കാലാശിച്ചതെന്ന് താൻ അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവയ്ക്കുന്നതാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമുള്ള ഫൊറൻസിക് റിപ്പോർട്ട്. കൊലനടത്താൻ എത്തിയവരാണ് വെഞ്ഞാറമൂട്ടിൽ കൊലപാതകത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളതെന്നും മാധ്യമ വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു. അക്രമത്തെ ഉപാസിക്കുന്ന സിപിഎം നേതാക്കളാണ് ഈ കൊലപാതകത്തിന് രാഷ്ട്രീയമാനം നൽകിയത്.സിപിഎം ഗുണ്ടകൾ വിവിധ ജില്ലകളിലായി അന്ന് 150 ൽപ്പരം കോൺഗ്രസ് ഓഫീസുകളാണ് തല്ലിത്തകർത്തത്. കൊലക്കുറ്റം കോൺഗ്രസിന്റെ തലയിൽക്കെട്ടിവെച്ച് കേരളത്തിലുടെനീളം ആയിരക്കണക്കിന് ഫ്ളക്സ് ബോർഡുകളാണ് സിപിഎം സ്ഥാപിച്ചത്.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിപിഎം ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസ് റൂറൽ എസ്‌പി കേസ് അന്വേഷണ ചുമതലയെറ്റെടുത്തതോടെ സിപിഎം ഈ കേസിന് രാഷ്ട്രീയമാനം നൽകുകയായിരുന്നു.സി ബി ഐ അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം സർക്കാർ നിരാകരിച്ചതും ഇത് രാഷ്ട്രീയ കൊലപാതമല്ലെന്ന ബോധ്യം സിപിഎമ്മിന് ഉണ്ടായിരുന്നതിനാലാണ്.രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും അവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി ധനസമാഹരണം നടത്തുന്നതും സിപിഎം ശൈലിയാണ്.കണ്ണൂർ മോഡൽ അക്രമം തലസ്ഥാനത്തേയ്ക്കും വ്യാപിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.