- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരുകോൺഗ്രസുകാരനുമില്ല; 30,000 കോടി വിലയുള്ള വിമാനത്താവളം അദാനിക്ക് എന്തിനുവേണ്ടിയാണ് മറിച്ചുകൊടുക്കുന്നതെന്ന് പ്രധാനമന്ത്രിയും ബിജെപിയും വ്യക്തമാക്കണം; തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: അദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരു കോൺഗ്രസുകാരനുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ലാഭകരമായും മാതൃകപരമായും പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതുതാനുള്ള തീരുമാനത്തോട് കൂട്ടുനിൽക്കേണ്ട ആവശ്യം ആർക്കുമില്ല. 350 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് മുപ്പതിനായിരം കോടി വിലയുള്ളതാണ്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബിജെപിയും വ്യക്തമാക്കണം.തിരുവനന്തപുരം വിമാനത്താവളം വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണം.
ഒന്നുമില്ലാത്തിടത്തു നിന്നും ഇന്ത്യയെ ഇന്നു കാണുന്ന ഒരു മഹാസൗധമാക്കിയത് കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവർത്തനഫലമാണ്. എന്നാൽ രാജ്യം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യൻ ഫാസിസ്റ്റുകൾ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടന നിർമ്മിത സ്ഥാപനങ്ങളും ഓരോന്നായി തകർക്കുന്നു.കേന്ദ്ര സർക്കാരിന്റെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. സാമ്രാജ്യത്വ ശക്തികളും കോർപ്പറേറ്റുകളുമായിട്ടാണ് കേരള സർക്കാരിനും ബന്ധം.രാജ്യതാൽപ്പര്യം സ്വകാര്യ കുത്തക ഭീമന്മാർക്ക് മുന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയറവുവയ്ച്ചു.മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി കേന്ദ്ര അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുകയാണ്. ഇത് കേരളത്തിന് അപമാനകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഹിതകരമല്ലാത്ത വാർത്തകൾ നൽകിയതിന്റെ പേരിൽ മുഖ്യമന്ത്രി സിപിഎം സൈബർ മാഫിയ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു.മാധ്യമസ്വാതന്ത്ര്യം ഹനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സ്വതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇരുട്ടിൽ നിന്ന് ഇന്ത്യയെ വീണ്ടും വെളിച്ചത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസിനെ കഴിയൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ക്രാന്തദർശിയായ രാജീവ് ഗാന്ധിയുടെ ജീവിതം സുഗന്ധം പരത്തി ഞൊടിയിടയിൽ കത്തിത്തീർന്ന കർപ്പൂര ദീപം പോലെയാണ്.ഡിജിറ്റൽ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധി.ശാസ്ത്ര അവബോധമുള്ള നേതാവ്.വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയപ്പോഴും അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ അദ്ദേഹം തയ്യാറായില്ല.കമ്യൂണിക്കേഷൻ രംഗത്ത് ചടുലമായ മാറ്റങ്ങൾ കൊണ്ടുവന്നു. മഹാത്മാ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ യത്നിച്ചു. അതിനായി പഞ്ചായത്ത് രാജ് നഗരപാലിക നിയമം പാസാക്കി.
പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളോട് ഒരു വൈകാരിക ബന്ധവും സിപിഎമ്മിനില്ല. സിപിഎമ്മുകാരാണ് പഞ്ചായത്ത് രാജ് നഗരപാലിക നിയമം ആദ്യം രാജ്യസഭയിൽ എതിർത്ത് പരാജയപ്പെടുത്തിയത്.വീണ്ടും കോൺഗ്രസ് അധികരത്തിലെത്തി നിയമം പാസാക്കിയെടുത്തപ്പോൾ രാജീവ് ഗാന്ധി ഉപയോഗിച്ച ജനകീയ ആസൂത്രണമെന്ന പദം പോലും സിപിഎമ്മുകാർ കട്ടെടുക്കുകയായിരുന്നു.വിവരസാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോൾ കംപ്യൂട്ടറുകൾ തല്ലിപ്പൊളിച്ചവരാണ് സിപിഎമ്മുകാർ.
സാക്ഷരത ഇന്ത്യയെ പടത്തുയർത്താൻ ശ്രമിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തി.രാജീവ് ഗന്ധിയുടെ സത്യസന്ധതയും സുതാര്യതയുമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ