കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ മുല്ലപ്പള്ളി രാമചന്ദ്രന് മധുവിധുക്കാലം തീരുന്നു. മുല്ലപ്പള്ളിയെ സമ്മർദ്ദത്തിലാക്കി കാര്യം നേടാൻ ഗ്രൂപ്പ് മാനേജർമാർ നീക്കം ശക്തമായി. പാർട്ടി ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മുല്ലപ്പള്ളിക്കെതിരെ ഹൈക്കമാണ്ടിലേക്ക് പരാതി പ്രവാഹം തുടങ്ങി. പുനഃസംഘടന പൂർത്തിയാക്കുക, ജംബോ കമ്മിറ്റികൾ തത്കാലം നിലനിർത്തുക, ബ്ലോക്ക് മണ്ഡലം തലത്തിൽ ആവശ്യമായ പുനഃസംഘടന നടത്തുക എന്നതാണ് നേതൃതലത്തിലെടുത്ത ധാരണ. ഇതെല്ലാം മുല്ലപ്പള്ളിയുടെ പിടിവാശി മൂലം അട്ടിമറിക്കപ്പെടുകയാണെന്നാണ് പരാതി.

പുതിയ കെപിസിസി പ്രസിഡന്റിനെയും, വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതിനു തൊട്ടുപിന്നാലെ നടത്തേണ്ട കെപിസിസി പുനഃസംഘടന വൈകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടിവാശിയാണ് ഇതിന് കാരണം. നിലവിലെ രീതിയിൽ മുന്നോട്ട് പോകാനാണ് മുല്ലപ്പള്ളിക്ക് താൽപ്പര്യം. ജംബോ പുനഃസംഘടനയോടും താൽപ്പമില്ല. ഇതാണ് പുനഃസംഘടന അനിശ്ചിതമായി നീളാൻ കാരണം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കന്മാർ പുനഃസംഘടനക്ക് സമ്മതം മൂളിയപ്പോൾ ഇപ്പോൾ വേണ്ടെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഗ്രൂപ്പുകളെ ഇല്ലാതാക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കമെന്നാണ് ഇവരുടെ ആരോപണം. അധ്യക്ഷന്റെ ഏകപക്ഷീയ പ്രവർത്തനം ദോഷം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് പുനഃസംഘടന ഉടൻ വേണമെന്നാണ് ആവശ്യം.

കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ് ,പ്രചരണ സമിതി ചെയർമാൻ കെ.മുരളീധരൻ എന്നിവർ പുനഃസംഘടന വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും ചുമതലകൾ ഏൽപ്പിക്കാൻ ശക്തരായ പുതുമുഖങ്ങൾ കടന്നുവരണം എന്ന നിലപാടാണ് ഇവർക്കുള്ളത്. ഭാവിയിൽ കെപിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും തമ്മിൽ അധികാര വടംവലി ഉണ്ടാകുമ്പോൾ പുതിയ നേതൃനിരയെ തങ്ങൾക്കൊപ്പം നിലനിർത്താം എന്ന കണക്കുകൂട്ടലും ഇവർക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് പുനഃസംഘടനയിൽ ഗ്രൂപ്പ് മാനേജർമാർ കടന്നു വരാതിരിക്കാൻ മുല്ലപ്പള്ളി കരുതലോടെ നീക്കം നടക്കുന്നത്.

ഇപ്പോഴുള്ള കെപിസിസി ഭാരവാഹികളിലധികവും ഇരുപത് വർഷത്തിലധികമായി തൽസ്ഥാനത്ത് തുടരുന്നവരാണ്. ഈ ' ടീം' നിലനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വൻ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. സ്ഥാനമൊഴിഞ്ഞ മുൻ ഡിസിസി പ്രസിഡന്റുമാരിൽ ചിലർ, മികവു തെളിയിച്ച കെപിസിസി സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടന നടത്താനായിരുന്നു തീരുമാനം. പുനഃസംഘടന ഉടൻ ഉണ്ടാവണം എന്ന ആവശ്യവുമായി പാർട്ടിയിലെ യുവതുർക്കികൾ കോൺഗ്രസ് അദ്ധ്യക്ഷനെ നേരിട്ടു കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണെന്നാണ് സൂചന. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കുന്നവരെ തള്ളാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിനെതിരെയാകും പ്രതിഷേധം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ സംസ്ഥാനങ്ങളിലും ഉടൻ പുനഃസംഘടന നടത്തണം, പാർട്ടിയിലോ പോഷക സംഘടനയിലോ ഒരു പദവിപോലും ഒഴിഞ്ഞു കിടക്കരുത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ നൽകിയ സർക്കുലർ നിലനിൽക്കെയാണ് മുല്ലപ്പള്ളിയുടെ ഈ നിലപാട്. അതുകൊണ്ടാണ് പ്രതിഷേധമെന്ന് കോൺഗ്രസിലെ പ്രമുഖൻ മറുനാടനോട് പറഞ്ഞു. രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള ജന:സെക്രട്ടറി മുകുൾ വാസ്‌നിക്കിനും മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ പരാതി പ്രവാഹമാണ് ലഭിച്ചിട്ടുള്ളത്. പാർട്ടി നിർദ്ദേശത്തിനും പരിപാടികൾക്കും അനുസൃതമായി പ്രവർത്തിക്കാത്ത ഒരു നേതാവിനും പദവികൾ ഉണ്ടാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.

എത്ര വലിയ നേതാവായാലും അത്തരക്കാർ സ്വാഭാവികമായും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുകളിൽ നിന്നല്ല, മറിച്ച് അടിത്തട്ടിൽ നിന്നാണ് സംഘടനയെ പുനഃസംഘടിപ്പിക്കുകയെന്നതാണ് മുല്ലപ്പള്ളി പറയുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ ഉൾപ്പെടെ രാഹുൽഗാന്ധി നേരിട്ട് വിളിച്ചാണ് പ്രവർത്തന പരിപാടികളെക്കുറിച്ച് ആരായുന്നത്. ഏത് പരിപാടിക്ക് മുമ്പും രാഹുൽ സംസ്ഥാന നേതാക്കളെ നേരിട്ട് വിളിച്ച് വിവരങ്ങൾ തിരക്കും. പല സംസ്ഥാനങ്ങളിലായി അദ്ദേഹം ദിനംപ്രതി ഇത്തരത്തിൽ ബന്ധപ്പെടുമ്പോൾ മറ്റു നേതാക്കൾക്ക് ഇതിൽ നിന്ന് മാറി നിൽക്കാനാവില്ല. എ ഐ സി സി അധ്യക്ഷൻ കാണിക്കുന്ന ശുഷ്‌കാന്തി താഴെത്തലത്തിലുള്ള നേതാക്കൾക്ക് ഇല്ലാതെ പോകരുതെന്ന് മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ സംസ്ഥാനത്ത് സ്ത്രീദളിത്യുവജന പ്രാതിനിധ്യം ഉറപ്പാക്കി ബൂത്തുകമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അതിന് ശേഷം കെപിസിസി പുനഃസംഘടന മതിയെന്നാണ് പറയുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണം.

ഇങ്ങനെ പോയാൽ കെപിസിസി പുനഃസംഘടന ഏറെ വൈകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കാതെയും പോകും. ഇത് ഗ്രൂപ്പുകളുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് എതിരാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ നിർദ്ദേശം ഉയർത്തി മുല്ലപ്പള്ളിയെ വെട്ടിലാക്കാൻ നീക്കം.