- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന; തിരുവോണനാളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉപവസിക്കും; യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ഉപവസിക്കും. യുവാക്കളെ വഞ്ചിക്കുന്ന സർക്കാർ നടപടിയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവോണനാളിൽ ഉപവസിക്കുന്നത്. കെപസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആയിരിക്കും മുല്ലപ്പള്ളി ഉപവസിക്കുക.
തിരുവോണദിവസം രാവിലെ ഒമ്പതുമണിക്ക് ഉപവാസം ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അതേസമയം, സർക്കാരിന്റെ യുവജന വഞ്ചനയ്ക്ക് എതിരെ തിരവോണനാളിൽ യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയതാണ് ഇക്കാര്യം. സർക്കാരും പി എസ് സിയുമാണ് അനുവിന്റെ മരണത്തിന് കാരണമെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. അർഹതയുള്ള ചെറുപ്പക്കാരെ നിരാശയുടെ പടുകുഴിയിലേക്കാണ് സർക്കാർ എത്തിക്കുന്നതെന്നും അനുവിന്റെ മരണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പി എസ് സി ചെയർമാനുമാണെന്നും ഷാഫി ആരോപിച്ചിരുന്നു.
അനുവിന്റെ മരണത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. പി എസ് സിയുടെയും സർക്കാരിന്റെയും പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് സർക്കാരും പി എസ് സിയും സർക്കാരും അന്ധമായ നിലപാടെടുത്തെന്നും തൊഴിൽരഹിതരായ യുവാക്കളെ ഇത് നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ