- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമക്കേടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി; ധാർമികതയുടെ ഒരു അംശം പോലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; മന്ത്രിസഭ പിരിച്ചുവിട്ടു പൊതുതിരഞ്ഞെടുപ്പിനെ നേരിടണം; മുല്ലപ്പള്ളി
കൊച്ചി: എല്ലാ ക്രമക്കേടുകളുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനാൽ ധാർമികതയുടെ ഒരു അംശം പോലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് കേരളത്തിലെ പൊതുസമൂഹത്തെ നോക്കി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനെ വളരെ ഗൗരവത്തോടെ കാണണം. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ നാലുമന്ത്രിമാർ സംശയത്തിന്റെ കരിനിഴലിലാണ്. അവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. എൻ.ഐ.എ. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ലാഘവത്തോടെ കാണാൻ കഴിയില്ല. ഇക്കാര്യം നിസ്സാരവൽക്കരിക്കാൻ മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കൂ. മന്ത്രിമാരെ തുടരെ തുടരെ ന്യായീകരിക്കുന്നത് കാരണമാണ് എല്ലാ മന്ത്രിമാരും ഒരു നിയന്ത്രണവുമില്ലാതെ തോന്നിയതുപോലെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി ജലീലിനെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ വെള്ളപൂശാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി ക്ഷുഭിതനാണ്. സമനില തെറ്റിയ മുഖ്യമന്ത്രിയെയാണ് നാം പത്രസമ്മേളനത്തിൽ കാണുന്നത്. കോവിഡ് പത്രസമ്മേളനത്തിൽ തന്റെ കാബിനറ്റിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ മകനും കുടുംബവും എല്ലാം ആരോപണ വിധേയരായിരിക്കുകയാണ്. വ്യവസായ മന്ത്രിയും മകനും കുടുംബവും ആരോപണ വിധേയരായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണത്തിൽ തുടരാൻ എന്തവകാശമാണ് ഉള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
അധോലോക നായകന്മാർ, കള്ളക്കടത്തുകാർ, മയക്കുമരുന്നു ലോബി ഇവരുമായിട്ടാണ് പാർട്ടിയുടേയും പാർട്ടിയുടെ നേതാളുടേയും നേതാക്കന്മാരുടെ മക്കളുടേയും ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.