തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരന് ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം ഇല്ല. താൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടി ആലോചനയിൽ ഇല്ല. അധ്യക്ഷ സ്ഥാനത്ത് നിന്നും പാർട്ടിയെ നയക്കുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

സാമൂദായിക പരിഗണന കൂടി നോക്കിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് തയ്യാറാക്കുന്നതെന്നും ശശി തരൂർ എംപിക്ക് ഇനിയും ചുമതലകൾ നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കങ്ങളുണ്ടന്ന അഭ്യൂഹം പരന്നിരുന്നു. പകരം സുധാകരനെ ചുമതലയേൽപ്പിക്കുമെന്നുമായിരുന്നു സൂചന. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അത്തരത്തിലുള്ള ഒരു തീരുമാനം കൈകൊള്ളില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടിയിൽ നിന്നോ വയനാട് കൽപറ്റയിൽ നിന്നോ മത്സരിക്കുമെന്നാണ് സൂചന. കൽപ്പറ്റയിൽ മത്സരിക്കുന്നതിനെതിരെ ഇതിനകം ലീഗ് രംഗത്തെത്തി കഴിഞ്ഞു.

2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയിൽ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചർച്ചകളിൽ മുല്ലപ്പള്ളിയുടെ പേര് ഉയർന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്നും ലഭിച്ച വോട്ടിങ് ഭൂരിപക്ഷവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്.