ന്യൂഡൽഹി: സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ലതികാ സുഭാഷ് ഉയർത്തിയ പ്രതിഷേധം ദൗർഭാഗ്യകരമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റ് നൽകാൻ ആഗ്രഹിച്ചിരുന്നു എന്നാൽ ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് നൽകാൻ നിർബന്ധിതയാവുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

'ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. അവരുമായും കുടുംബവുമായിട്ടും നല്ല ബന്ധമുണ്ട്. സുഭാഷ് യൂത്ത് കോൺഗ്രസ് കാലം തൊട്ട് വിശ്വസ്തനായ എന്റെ സഹപ്രവർത്തകനാണ്. അദ്ദേഹത്തെ വൈപ്പിനിൽ നിർത്തിയത് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ അംഗീകാരമാണ്. ലതികാസുഭാഷിന് കഴിഞ്ഞ തവണ സീറ്റ് കൊടുത്തു. നിർഭാഗ്യവശാൽ ജയിക്കാൻ സാധിച്ചില്ല. ഇത്തവണയും സ്ഥാനാർത്ഥി ലിസ്റ്റിൽ പരിഗണിക്കണമെന്ന് മാത്രമല്ല സീറ്റ് കൊടുക്കണമെന്നും ആഗ്രഹിച്ചു. ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ നിർബന്ധിതരാവുകയായിരുന്നു.' മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സിപിഐഎം എന്ന കേഡർ പാർട്ടിയിൽ ഉണ്ടായ പൊട്ടിത്തെറിയുടെ അടുത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവുമായുള്ള ഈ പ്രതിഷേധത്തെ കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. സ്ഥാനാർത്ഥി നിർണയം നടന്നാൽ പ്രതിഷേധം എപ്പോഴും ഉണ്ടാവാറുണ്ട്. എന്നാൽ പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളും പ്രവർത്തകരും പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച ചരിത്രം മാത്രമെയുള്ളുവെന്നും മുല്ലപ്പള്ളി കൂട്ടി ചേർത്തു.

അതേസമയം സീറ്റ് കിട്ടാത്തതിൽ ആരെങ്കിലും തലമുണ്ഡനം ചെയ്യുമോയെന്നായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാം എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.