- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ഗോവിന്ദൻ സംസാരിക്കുന്നത് ആർഎസ്എസ് മേധാവി മോഹൻ ഭഗതിന്റെ ഭാഷയിൽ; സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്ററെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.എസ്.ടി.എ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗതിന്റെ അതേ ഭാഷയിലാണ് എംവി ഗോവിന്ദൻ സംസാരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോൾ സിപിഎം നേതൃത്വം ഉയർത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ ലാഭത്തിന് ഏത് അടവ് നയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. വർഷങ്ങളായി സിപിഎം ജനമധ്യത്തിൽ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിർത്താനും ഏത് ഹീനപ്രവർത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ചത്. സംഘപരിവാർ ശക്തികൾക്ക് വളരാനുള്ള അവസരം നൽകുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്തു.
ജന്മിത്വത്തിന്റെ പിടിയിൽ നിന്നും നാം ഇതുവരെ മോചിതരായിട്ടില്ലെന്ന എംവി ഗോവിന്ദന്റെ തുറന്ന് പറച്ചിൽ സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അക്ഷരാർത്ഥത്തിൽ ശരിയാണ്. ചങ്ങാത്ത മുതാളിത്വത്തിന്റെ പാതയിൽ സിപിഎം സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളെറെയായി. ഇന്നത്തെ ചില സിപിഎം നേതാക്കളുടെ ജീവിതവും മനോഭാവവും ജന്മിത്വകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. അധ്വാനവർഗ്ഗം,മുദ്രാവാക്യം മുഴക്കുന്ന തൊഴിലാളികൾ മാത്രമാണെന്നാണ് സിപിഎം കരുതുന്നത്.അതിന് അപ്പുറം അവർക്ക് ഒരു പരിഗണനയും സിപിഎംനൽകുന്നില്ല.
കമ്മ്യൂണിസ്റ്റ് ആശയങ്ങളും തത്വങ്ങളും സിപിഎം ഉപേക്ഷിച്ചു. വൈരുദ്ധ്യാത്മിക ഭൗതികവാദമെന്ന മാർക്സിയൻ തത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമല്ലെന്നാണ് എംവി ഗോവിന്ദന്റെ കണ്ടുപിടിത്തം. ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികൾ തുടരെത്തുടരെ പറയുന്നതാണ്.വൈരുദ്ധ്യാത്മിക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്.ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാകുമോയെന്ന ഒരു അവസാന പരീക്ഷണത്തിലാണ് കേരളത്തിലെ സിപിഎം എന്നതിന് തെളിവാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.എസ്.ടി.എ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മാർക്സിസത്തിന്റെ കാതലായ വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തെ സിപിഎം നേതാവ് തള്ളിപ്പറഞ്ഞത്. '1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.'
ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി.
തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
വർഗീയതയ്ക്കെതിലെ നിലപാടെടുക്കുമ്പോൾ തന്നെ അവരവരുടെ വിശ്വാസത്തെ നിഷേധിക്കാൻ പാടില്ല. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പന്തിയിൽ നിൽക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട്. അതാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട്. ആ നിലപാട് കൃത്യമായി മനസ്സിലാക്കാതെ നമുക്ക് ശരിയായ ദിശാബോധത്തോടെ മുമ്പോട്ടു പോകാനാകില്ല- ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം വീണ്ടും ചർച്ചയാകുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ പരമാർശങ്ങൾ. പ്രസംഗത്തിൽ ശബലിമലയിലെ വിവാദങ്ങളെ കുറിച്ചും ഗോവിന്ദൻ പ്രതികരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ