തിരുവനന്തപുരം: സ്വപ്‌നലോകത്തിരുന്ന് കെ സുരേന്ദ്രന് എന്തും പറയാമല്ലോ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,. അതിന് അത്ര പ്രധാന്യം മാത്രമെ നൽകുന്നുള്ളൂവെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 30-40 നേടിയാൽ കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് സിപിഎം- ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സിപിഎം-ബിജെപി ധാരണയുണ്ട്. അതിൽ ഒരു സംശയവുമില്ല. പത്ത് സീറ്റുകളിലാണ് ധാരണ. അഞ്ച് സീറ്റിൽ ജയിച്ചുവന്ന് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം. അതിനായി കേരളത്തിലെ സിപിഐഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മിൽ കരാർ ഉണ്ടായിക്കിയിട്ടുള്ളത്.' എന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന ശുഭപ്രതീക്ഷയുണ്ട്. അതിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവന്നിട്ടുമുണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.