തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണ് മുഖ്യമന്ത്രി കോവിഡിനെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

വികസന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെ കള്ളക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാരിലും മുഖ്യമന്ത്രിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായി. അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം.

വിശ്വസ്തനായ സി.എം. രവീന്ദ്രനെ ഇപ്പോൾ തള്ളിപ്പറഞ്ഞാൽ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ രവീന്ദ്രൻ തന്നെ ഒറ്റുക്കൊടുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് വീന്പുപറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് രവീന്ദ്രനോട് അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

രവീന്ദ്രന്റെ രോഗത്തിന്റെ നിജസ്ഥിതി വ്യക്തമായി അറിയാവുന്ന വൈദ്യൻ മുഖ്യമന്ത്രി തന്നെയാണ്. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്‌പോൾ ഇത്തരം രോഗാവസ്ഥ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതാക്കൾക്ക് ഉള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിയും കെടുകാര്യസ്ഥതയും മാത്രമായി സർക്കാരിന്റെ മുഖമുദ്ര. ജനങ്ങളിൽ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി ജനവിധി തിരിച്ചടിയാകുമെന്ന് ഭയക്കുന്നു. സിപിഎം സ്ഥാനാർത്ഥികൾപ്പോലും മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വിളിക്കുന്നില്ല. സർക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങൾക്ക് ജനം ചെവികൊടുക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു പെരുമാറ്റചട്ട ലംഘനം നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.