കോഴിക്കോട്: കോഴിക്കോട് 1948 ജനുവരി 30 ന് രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ടയുതിർത്ത നാഥുറാം വിനായക് ഗോഡ്‌സെയെ വീര പുരുഷനും മാതൃകയുമായി മാറ്റാനുമുള്ള സംഘപരിവാറിന്റെ ഏറ്റവും പുതിയ നീക്കമാണ് ഗുജറാത്തിൽ ഉണ്ടായതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഹാത്മജിയുടെ ജന്മ ഭൂമിയായ ഗുജറാത്തിലെ വൽസാഡിൽ നടന്ന 'ഗോഡ്‌സെ മാതൃക ' എന്ന പേരിൽ പ്രബന്ധ മത്സരം സംഘടിപ്പിച്ചതും ഗോഡ്‌സെയെ പുകഴ്‌ത്തി പ്രബന്ധം എഴുതിയ പെൺ കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചതും ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

2025 ൽ ആർഎസ്എസിന്റെ ശതാബ്ദി വർഷമാകുമ്പോഴേക്കും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. പിശാചുകൾ നമ്മുടെ ഉമറ്റപടിയിലെത്തിയെന്നും മതേതര-ഇടത് സംഘടനകൾ യാഥാർഥ്യ ബോധത്തോടെ ജാഗ്രതയോടെ ഭാവിയെ വിലയിരുത്താൻ തയാറാവണമെന്നും , കാത്തിരിക്കാൻ സമയമില്ലെന്നും മുല്ലപ്പള്ളിപറഞ്ഞു.

തന്റെ രാഷ്ട്രീയ ആചാര്യനായ വിനായക് ദാമോദർ സവർക്കറുടെ പാത പിന്തുടർന്ന ഗോഡ്‌സെ, ഗാന്ധിജിയുടെ ഹിന്ദു - മുസ്ലിം മൈത്രിയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പ്രബന്ധ മത്സരത്തിലൂടെ സംഘപരിവാർ തങ്ങളുടെ യഥാർഥ അജണ്ട ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഹരിദ്വാറിലെ ഹിന്ദു സന്യാസി സമ്മേളനത്തിലും ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള തുടർച്ചായായുള്ള പ്രഖ്യാപനങ്ങളും മതേതതര വിശ്വാസികളെ ഭീതിയിലാക്കുന്നുണ്ട്.

തീവ്ര ഹിന്ദു രാഷ്ട്രീയത്തിന്റെ ബീഭത്സമുഖങ്ങളാണ് നരേന്ദ്ര മോദിയും അമിത് ഷായും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായ ഗുജറാത്തിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട നൂറു കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്.അതേ ഭീകര കൂട്ടുകെട്ടാണ് ഇന്ത്യാ രാജ്യം ഇപ്പോൾ ഭരിക്കുന്നത്. ഹിന്ദു മഹാസഭയും ആർഎസ്എസും സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ചങ്ങാത്തത്തിലേർപ്പെട്ടത് ചരിത്ര യാഥാർത്ഥ്യമാണ്. ഇന്ത്യൻ ദേശീയതയും മതനിരപേക്ഷ സിദ്ധാന്തങ്ങളും ഒരിക്കലും ഹിന്ദു തീവ്രവാദികൾക്ക് ഇഷ്ട വിഷയങ്ങളല്ലായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.