- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത് ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശം; കെപിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശത്തിന് തക്കശിക്ഷ ലഭിക്കണമെന്നും സോളാർ വിവാദ നായിക; വനിതാ കമ്മീഷന് നേരിട്ടെത്തി പരാതി നൽകി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാഗ പരാമർശത്തിനെതിരെ സോളാർ വിവാദ നായിക രംഗത്ത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത് ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശമാണെന്ന് അവർ പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകാനായി എത്തിയതായിരുന്നു ഇവർ. ഒരിക്കൽ കേന്ദ്രമന്ത്രിയായിരുന്ന വ്യക്തി ഇത്തരത്തിൽ തരംതാഴുന്ന പരാമർശം നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ പരാമർശത്തിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു.
പലഘട്ടങ്ങളിലായി കേരളം ഭരിച്ചിരുന്ന സമുന്നതരായ നേതാക്കൾക്കെതിരെ ആയിരുന്നു തന്റെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടി. എതിർകക്ഷി അധികാരത്തിലിരിക്കുമ്പോൾ അവർ എടുക്കുന്ന എല്ലാ നടപടിക്കും രാഷ്ട്രീയമാനം മാത്രമേ കൊടുക്കാറുള്ളു. രാഷ്ട്രീയപ്രേരിതമായ കേസെന്ന് പറഞ്ഞാണ് കുറ്റക്കാരാണെങ്കിലും അവർ രക്ഷപ്പൊൻ ശ്രമിക്കുന്നത്.
കേസിൽ തന്റെ മൊഴി പ്രാഥമികമായി രേഖപ്പെടുത്തി, അതിന് ശേഷം വ്യക്തമായ വിവരങ്ങളുള്ളതിൽ എഫ്ഐആർ ഇട്ട് അന്വേഷണവും നടന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ തന്റെ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ പറയുമായിരുന്നു. അത് ചെയ്ത കുറ്റമാണ് അക്കാര്യത്തിൽ തനിക്ക് തീർച്ചയായും മറുപടി നൽകിയെ പറ്റുവെന്നും അവർ വ്യക്തമാക്കി.
വിവാദ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ ഇന്നലെ തന്നെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാൽക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും എം സി ജോസഫൈൻ പറഞ്ഞു.
സർക്കാരിനെതിരെയുള്ള വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീ വിരുദ്ധ പമാർശം നടത്തിയത്. ബലാൽസംഗത്തിനിരയായാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അത് ആവർത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാൽ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. കെപിസിസി അധ്യക്ഷന്റെ മാനസിക നില വ്യക്തമാക്കുന്നതാണ് ഈ പരാമർശമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
യു.ഡി.എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിക്കുമ്പോഴാണ് വിവാദം മുല്ലപ്പള്ളിയുടെ നാവിൽ നിന്ന് പുറത്തെത്തിയത്. കോൺഗ്രസിലെ വനിതാ നേതാക്കൾ പോലും ഇതിനെതിരെ രംഗത്തു വന്നു. ഇതോടെയാണ് ഖേദപ്രകടനം നടത്തിയത്.
പരാമർശം വിവാദമായതോടെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് അതേ ചടങ്ങിൽ അദ്ദേഹം വിശദീകരണവും നൽകി. സർക്കാർ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണ്. ആർക്കെങ്കിലും എതിരായിട്ടുള്ള പരാമർശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും രംഗത്തെത്തിയിരുന്നു. വാക്കുകൾ ശ്രദ്ധിച്ചു തന്നെ ഉപയോഗപ്പെടുത്തണമെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
' ഒരു കാരണവശാലും അത്തരം വാക്കുകളോട് എനിക്ക് യോജിക്കാൻ കഴിയില്ല. വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കിൽകൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും വാക്കും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല, എന്നതാണ് എന്റെ പക്ഷം. ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വിഷയത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്