തിരുനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂർ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജൻസികൾ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീർഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് നടത്തിയ ഈ ഇടപാടുകൾക്ക് രാഷ്ട്രീയസംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യൽ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടർന്നുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാന സർക്കാരിനെയും സിപിഎം എന്ന ബഹുജന സംഘടനനെയും നിയന്ത്രിക്കുന്ന സെക്രട്ടറിക്ക് തന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? ഒന്നുകിൽ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു, അല്ലെങ്കിൽ കണ്ണടച്ചു. രണ്ടായാലും വലിയ വീഴ്ചതന്നെ സംഭവിച്ചിരിക്കുന്നു. മക്കൾക്കെതിരേ മുമ്പും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തെറ്റുതിരുത്താൻ നിരവധി അവസരങ്ങൾ ലഭിച്ചതാണ്. അതൊന്നും ചെയ്യാതെ അധികാരത്തിന്റെ തണലിലും പാർട്ടിയുടെ മറവിലും തെറ്റുകൾ തുടരുകയാണു ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അത്യന്തം ഗുരുതരമാണ്. മയക്കുമരുന്നു കേസിൽ ബെംഗ്ളൂരിൽ പിടിയിലായ അനൂപ് മുഹമ്മദ്, സ്വർണക്കടത്തുകേസിലെ പ്രതി കെ.ടി റമീസ് എന്നിവരുമായുള്ള ബിനീഷിന്റെ സുദീർഘമായ ബിസിനസ് ബന്ധം പുറത്തുവന്നു കഴിഞ്ഞു. വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട യു.എ.എഫ്.എക്സ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ബിനിഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്നു. മണി എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം സ്വർണക്കടത്തും മയക്കുമരുന്നു കടത്തുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോടിയേരിയുടെ മറ്റൊരു മകൻ ബിനോയ്ക്കെതിരേയും ആരോപണങ്ങളുണ്ട്. അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി അന്വേഷിച്ചാൽ എല്ലാ ഇടപാടുകളിലെയും മുഴുവൻ പ്രതികളും വൈകാതെ കുടുങ്ങമെന്നു മുല്ലപ്പള്ളി പറഞ്ഞു.

വ്യക്തമായ പെരുമാറ്റച്ചട്ടത്തോടെ പ്രവർത്തിക്കുന്നതും കേഡർ സ്വഭാവം അവകാശപ്പെടുന്നതുമായ പാർട്ടിയാണ് സിപിഎം. പെരുമാറ്റച്ചട്ടം പാർട്ടിയിൽ എല്ലാവർക്കും ബാധകമാണ്. പക്ഷേ ഇതൊന്നും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ബാധകമല്ല എന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ നിരവധി ആരോപണങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞു. സർക്കാരും പാർട്ടിയും അഴിമതിയിൽ ആണ്ടുകിടക്കുമ്പോൾ ഇതേക്കുറിച്ച് പാർട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന അണികളുടെ വികാരം നേതാക്കൾ തിരിച്ചറിയണം. യഥാർത്ഥ കമ്യൂണിസ്റ്റുകാർ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന കാര്യങ്ങളിൽ തികച്ചും രോഷാകുലരാണ്. പാർട്ടി സെക്രട്ടറിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇന്നത്തെ സാഹചര്യത്തിൽ ഇല്ലെന്ന കാര്യം പാർട്ടി അണികളും മനസിലാക്കണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.