- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടുന്നു; 3 ഷട്ടറുകൾ കൂടുതൽ ഉയർത്തി; ജാഗ്രത നിർദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് വീണ്ടും കൂട്ടി തമിഴ്നാട്. ഏഴരമണി മുതൽ സെക്കന്റിൽ 3246 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്. ഇതിനായി നിലവിൽ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകൾ 60 സെന്റിമീറ്റർ ആക്കിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
141.95 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം പാത്രിരാത്രിയിൽ വൻതോതിൽ വെള്ളം തുറന്നു വിട്ടത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.68 അടിയിലെത്തി. 2401 അടിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ട പരിധി. ഇതിനു മുകളിലെത്തുകയും മഴ ശക്തമാകുകയും ചെയ്താൽ മാത്രം തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് കെഎസ്ഇബി നിലപാട്.
മറുനാടന് മലയാളി ബ്യൂറോ