- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു! ജലനിരപ്പ് 138 അടിയിലേക്ക്; ഡാം തുറന്നാൽ മാറ്റിപാർപ്പിക്കേണ്ടത് 883 കുടുംബങ്ങളെ; നടപടികൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം; ഉന്നതതല യോഗം; തമിഴ്നാട് പ്രതിനിധികളും യോഗത്തിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതിനിടെ മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം. സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ഇടുക്കി കളക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
സ്പിൽവേയിൽ നിന്ന് വെള്ളം ഒഴുക്കിവിടുമ്പോൾ കടന്നു പോകുന്നയിടങ്ങളിൽ നിന്നായി 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം എന്നാണ് കണക്ക്. പീരുമേട് താലൂക്കിലെ നാല് വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നും 3220 പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി മാറ്റി പാർപ്പിക്കാനാണ് തീരുമാനം.
മൂന്നു താലൂക്കുകളിലായി ആകെ 883 കുടുംബങ്ങളെ മാറ്റേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. 2018-ൽ സ്പിൽവേ തുറന്നപ്പോൾ ഉണ്ടായ ജലനിരപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എങ്കിലും നിലവിൽ അത്രയും വേണ്ടി വരില്ലെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യങ്ങൾ പ്രതികൂലമല്ലെങ്കിലും അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണെങ്കിൽ മുഴുവൻ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനാണ് തയ്യാറെടുപ്പുകൾ.
മുല്ലപ്പെരിയാർ ഡാമിൽ 137.6 അടി വെള്ളമാണുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോൾ മഴയുടെ ലഭ്യതയിൽ കുറവുണ്ടായതായും കളക്ടർ പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും സ്പിൽവേ വഴി വെള്ളം ഒഴുക്കുന്നതിന് 24 മണിക്കൂർ മുമ്പ് വിവരം അറിയിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ ഷീബാ ജോർജ് അറിയിച്ചു. മൊബൈൽ റേഞ്ച് ഉറപ്പുവരുത്തുന്നതിനായി ബി.എസ്.എൻ.എല്ലിന് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ താൽക്കാലിക ടവറുകൾ സ്ഥാപിക്കണം. നദീതീരത്ത് താൽക്കാലിക വഴിവിളക്കുകൾ സ്ഥാപിക്കമെന്ന് കളക്ടർ അറിയിച്ചു.
2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോൾ അത്തരമൊരു അവസ്ഥ നിലവിലില്ല. മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാർ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വയോധികർ, അംഗപരിമിതർ, കോവിഡ് ബാധിതർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്യാമ്പുകൾ ഒരുക്കേണ്ട സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ചുകഴിഞ്ഞു. ഓരോ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ മുൻകരുതലുകളും യോഗം വിലയിരുത്തി.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങള്ളിൽ മഴ ദുർബലമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നേരിയ ഇടിവു വന്നിട്ടുണ്ട്. 2637 ഘനഅടി ജലമാണ് സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പെൻസ്റ്റോക്ക് പൈപ്പുകൾ വഴി സെക്കൻഡിൽ 2200 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുമുണ്ട്. ജലനിരപ്പ് 140 അടിയിലെത്തിയാൽ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് നൽകും. 141 അടിയിൽ രണ്ടാം മുന്നറിയിപ്പും 142 ൽ മൂന്നാം മുന്നറിയിപ്പ് നൽകി അണക്കെട്ട് തുറക്കും.
തേക്കടിയിൽ നിന്നുമുള്ള നാലു പെൻസ്റ്റേക്ക് പൈപ്പുകൾ വഴി സെക്കണ്ടിൽ 1500 ഘന അടി വെള്ളമാണ് തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുക. കേരളത്തിന്റെ അഭ്യർത്ഥന മാനിച്ച് 600 ഘന അടി വെള്ളം ഇറച്ചിൽപാലം വഴി ലോവർ ക്യാമ്പ് കനാലിലേക്ക് ഒഴുക്കിവിടുകയാണ്. കൂടുതൽ വെള്ളം ഒഴുക്കിയാൽ പാലത്തിനടക്കം നാശനഷ്ടമുണ്ടാവാനുള്ള സാധ്യതയുണ്ട്. ലോവർ ക്യാമ്പിലെ വൈദ്യുതി ഉൽപ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം വൈഗ അണക്കെട്ടിലാണ് തമിഴ്നാട് സംഭരിക്കുന്നത്. വൈഗയുടെയും സംഭരണശേഷിയുടെ 80 ശതമാനത്തിലധികം വെള്ളം നിലവിലുണ്ട്. വൈഗയിൽ നിന്നും മധുരയിലേക്ക് വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് ക്രമീകരിക്കാമെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷം ദുർബലമായാൽ മുല്ലപ്പെരിയാറിനെ ആശ്രയിച്ചു നിൽക്കുന്ന തമിഴ്നാടൻ ഗ്രമങ്ങൾ വരൾച്ചയിലേക്കാവും നീങ്ങുക.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും വിഷയത്തിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു. നീരൊഴുക്ക് ഇതേ രീതിയിൽ തുടർന്നാൽ കാര്യങ്ങൾ പ്രതിസന്ധിയിലാവും. 136 അടിയായി ജലനിരപ്പ് 136 അടിയായി നിലനിർത്തുന്നതിനുള്ള സമവായം സർക്കാരിന്റെ ഭാഗത്തിനിന്നുണ്ടായില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് അനുസൃതമായ വെള്ളം ഒഴുക്കിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടാവണം. കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കത്തയച്ചിരുന്നു.
നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം ഓൺലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്നാടിന്റെ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാൻ തമിഴ്നാട് തയാറാകമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവിൽ തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യങ്ങൾ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ന്യൂസ് ഡെസ്ക്