- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലബോംബുമായി കേരളത്തോട് യുദ്ധം പ്രഖ്യാപിക്കാൻ തമിഴ്നാട്; അവർക്ക് മുഖ്യം തമിഴകത്തെ വോട്ട് ബാങ്ക്; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും പറയുന്നത് വെല്ലുവിളി; നിർണ്ണായകം സുപ്രീംകോടതി നിലപാടുകൾ
ഇടുക്കി: മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്കകൾക്ക് പുല്ലുവില കൊടുക്കാൻ തമിഴ്നാട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ പറയുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയം അനുകൂലമാക്കാനാണ്. തമിഴ്നാട്ടിലെ പ്രതിപക്ഷം മുല്ലപ്പെരിയാറിൽ പ്രതിഷേധം തുടങ്ങിയതോടെ ഡിഎംകെ സർക്കാരും കളം മാറ്റി ചവിട്ടുകയാണ്. ജലബോംബിൽ കേരളത്തിനുള്ള ആശങ്ക അവർ പരിഗണിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്നാട് മന്ത്രി സംഘത്തിന്റെ മുന്നറിയിപ്പ് കേരളത്തിന് വെല്ലുവിളിയാണ്. അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകളിൽ ആറെണ്ണം തുറന്നുവെച്ച് ഇടുക്കിയിലേക്ക് ദിവസങ്ങളായി ജലം ഒഴുക്കിയിട്ടും ജലനിരപ്പ് 138.65 അടിയിൽ തുടരുന്നതിനിടെയാണ് പ്രദേശവാസികളെ ആശങ്കയിലാക്കി തമിഴ്നാടിന്റെ തീരുമാനം. മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട്ടിൽ കേരള-തമിഴ് നാട് സർക്കാറുകൾക്കെതിരെ വിവിധ കർഷക സംഘടനകളും എ.ഐ.എ.ഡി.എം.കെയും സമരരംഗത്തുണ്ട്. ഇവരുടെ പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് ഇതാദ്യമായി ഒന്നിലധികം മന്ത്രിമാരെ മുല്ലപ്പെരിയാറിലേക്ക് മുഖ്യമന്ത്രി അയച്ചത്.
2006 ൽ മുല്ലപ്പെരിയാർ പ്രശ്നം രൂക്ഷമായിരുന്ന ഘട്ടത്തിൽ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇപ്പോഴത്തെ ജലവിഭവ മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിച്ചിരുന്നു. എന്നാൽ, പിന്നീട് ജയലളിതയുടെ സമയത്ത് ഒരിക്കൽ പോലും മന്ത്രിമാർ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ തയാറായിരുന്നില്ല. നീണ്ട ഇടവേളക്ക് ശേഷം ഒന്നിന് പകരം നാല് മന്ത്രിമാരെ ഒന്നിച്ചയച്ച് അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളത്തിനില്ലെന്ന് വ്യക്തമാക്കുകയാണ് തമിഴ്നാട്.
ബേബി ഡാം ബലപ്പെടുത്താൻ കേരളം അനുവദിക്കണം. സുപ്രീംകോടതി നിയോഗിച്ച എല്ലാ സമിതികളുടെ റിപ്പോർട്ടിലും അണക്കെട്ട് സുരക്ഷിതമെന്നാണു പറയുന്നതായി മന്ത്രി പറഞ്ഞു. മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ.പെരിയ സ്വാമി, വാണിജ്യ നികുതി മന്ത്രി പി.മൂർത്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഘം മുല്ലപ്പെരിയാർ സന്ദർശിക്കാനായി തേക്കടിയിൽ എത്തിയത്. പിന്നീട് തമിഴ്നാടിന്റെ ബോട്ടിൽ സഞ്ചരിച്ച് അണക്കെട്ട് സന്ദർശിച്ചു.
റൂൾ കർവ് അനുസരിച്ചാണ് ഷട്ടർ തുറന്നു വെള്ളം പുറത്തേക്കൊഴുക്കിയതെന്നും പതിറ്റാണ്ടുകളായുള്ള മുല്ലപ്പെരിയാർ വിഷയം പിണറായി സർക്കാരിന്റെ കാലത്ത് പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും സന്ദർശന ശേഷം മന്ത്രിമാർ പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിൽ 152 അടി വെള്ളം സംഭരിക്കാനുള്ള നടപടികളുമായിട്ടാണ് തമിഴ്നാട് മുന്നോട്ടുപോകുന്നത്. നിലവിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന് അണക്കെട്ടിലെ മൂന്നു മരങ്ങളാണ് തടസ്സമായി നിൽക്കുന്നത്.
ഈ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ഏഴു വർഷത്തിലധികമായി തമിഴ്നാട് ഉന്നയിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ, വനംവകുപ്പിന്റെ കീഴിൽ വരുന്ന സ്ഥലമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ആറു മാസത്തിനുള്ളിൽ ഈ മരങ്ങൾ വെട്ടിമാറ്റി അണക്കെട്ട് ബലപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കുമെന്ന് ദുരൈമുരുകൻ പറഞ്ഞു. ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് 8 ഷട്ടറുകൾ തുറന്നിരുന്നു. ഡാമിലെ ജലനിരപ്പ് 138.65 അടിയിൽ തുടരുകയാണ്.
അവസാനം തുറന്ന രണ്ട് സ്പിൽവേ ഷട്ടറുകൾ അടച്ചു. 1,5,6 ഷട്ടറുകൾ തുറന്നത് 60 സെന്റീമീറ്ററിൽ നിന്ന് 30 സെന്റീമീറ്റർ ആയി കുറച്ചു. നിലവിൽ തുറന്നിരിക്കുന്നത് 6 ഷട്ടറുകൾ. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 2736 ഘനയടി. ജലനിരപ്പ് 136ന് മുകളിൽ എത്തിയപ്പോൾ മുതൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കണമെന്ന് കേരളം ആവശ്യപ്പെടുകയും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെയാണ് ഷട്ടറുകൾ തുറന്ന് ജലം ഇടുക്കിയിലേക്ക് ഒഴുക്കിയത്. എന്നാൽ, ഇത് തുടരില്ലെന്നാണ് തമിഴ്നാട് മന്ത്രിമാർ നൽകുന്ന സൂചന.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താൻ സാധിക്കില്ലെങ്കിലും മുമ്പ് സുപ്രീം കോടതി അനുവദിച്ച 142 അടിയിൽ ജലനിരപ്പ് ഉയർത്തി നിർത്തുന്നത് കേരളത്തെ ഭീതിയുടെ മുൾമുനയിലാക്കും. ആറുമാസത്തിനകം ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള തടസ്സങ്ങൾ കേന്ദ്ര വനം വകുപ്പുമായി ബന്ധപ്പെട്ട് നീക്കുമെന്ന അറിയിപ്പോടെ പ്രശ്നത്തിൽ കേരളവും കേന്ദ്രവും കോടതിയും സ്വീകരിക്കുന്ന നിലപാടായിരിക്കും വരും ദിവസങ്ങളിൽ നിർണായകം.
മറുനാടന് മലയാളി ബ്യൂറോ