ദുബൈ: എമിറേറ്റ്‌സ് റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയഎട്ടു നിയമലംഘനങ്ങൾ ഒന്നിച്ചുപകർത്താൻ കഴിയുന്ന ക്യാമറകൾ കൂുതൽ യുഎഇ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു.ഡ്രൈവിംഗിനിടയിൽ സീറ്റ് ബെൽറ്റ് ഇടാത്തവരെ പോലും ഈ ക്യാമറകൾ കണ്ടെത്തും. 70,000 ലേസർ ലൈനുകളുള്ള ഹൈടെക് ക്യാമറ കഴിഞ്ഞ വർഷം എമിറേറ്റ്‌സ് റോഡിൽ സ്ഥാപിച്ചിരുന്നു.

ഇത് വിജയകരമായതിനെ തുടർന്നാണ് ദുബൈയിലെ മറ്റ് റോഡുകളിലും ഹൈടെക് ക്യാമറകൾ സ്ഥാപിക്കുന്നത്. ദുബൈ ട്രാഫിക് പൊലീസ് മേധാവി കേണൽ സെയ്ഫ് അൽ മസ്‌റൂ ഇ യാണ് ഇക്കാര്യമറിയിച്ചത്.

കൊടും വളവിലെ ഗതാഗത ലംഘനങ്ങൾ, അമിത വേഗത, പെട്ടെന്നുള്ള ലൈൻ മാറ്റം, സീറ്റ് ബെൽട്ട് ധരിക്കാതെ യാത്ര ചെയ്യൽ, ശ്രദ്ധയില്ലാത്ത ഡ്രൈവിങ് എന്നീ നിയമലംഘനങ്ങളും ഈ ക്യാമറയിൽ
കുടുങ്ങും. നിയമ ലംഘനം നടത്തുന്ന കാറുകളേയും ട്രക്കുകളേയും ഈ ക്യാമറകൾക്ക് വേർ തിരിച്ചറിയാനാകും എന്നതാണീ ക്യാമറകളുടെ മറ്റൊരു പ്രത്യേകത.

നിലവിലുള്ള ക്യാമറകളുടെ സാങ്കേതികശേഷി കൂട്ടിയാണു റോഡിൽ പരിധിവിടുന്നവരെ പിടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്യാമറാ സിലിണ്ടറുകൾ മൊബൈൽ ക്യാമറകളാക്കി മാറ്റും. ആവശ്യാനുസരണം മാറ്റിസ്ഥാപിച്ചു മുഴുവൻ ലൈനുകളെയും ക്യാമറകളുടെ പരിധിയിലാക്കാൻ കൂടിയാണിത്. അമിതവേഗവും മുന്നിലെ വാഹനവുമായി അകലം പാലിക്കാതെയും അപകടത്തിനു കാരണക്കാരാകുന്നവരെയും ഒരേസമയം പിടികൂടാൻ ഇതുവഴിയാകുമെന്നതു പുതിയ ക്യാമറകളുടെ പ്രത്യേകതയാണ്.

ക്യാമറകളുടെ സമീപമുള്ള ലൈനുകൾ മാത്രമല്ല അകലെയുള്ള ലൈനുകളിലെ വാഹനങ്ങളെയും വ്യക്തമായി പകർത്താൻ കഴിയുന്ന വിധമാണു നവീകരിച്ച ക്യാമറകളെന്നു ഗതാഗത വകുപ്പ് തലവൻ കേണൽ സൈഫ് മുഹയ്യർ അൽ മസ്‌റൂയി അറിയിച്ചു.