ന്യൂഡൽഹി: ആഗോള തലത്തിൽ തകരാർ നേരിട്ട് സമൂഹമാധ്യമങ്ങളും സർക്കാർ, വാർത്താ വെബ്‌സൈറ്റുകളും. ആമസോൺ, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ്, സ്‌പോട്ടിഫൈ ഉൾപ്പെടെയുള്ള പ്രമുഖ വെബ്‌സൈറ്റുകൾക്കാണു തകരാറുണ്ടായത്. ആമസോൺ, ട്വിറ്റർ എന്നിവയും പ്രശ്നം നേരിടുന്നുണ്ട്.

ഓസ്‌ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്‌സൈറ്റുകൾ ലഭിക്കാതിരുന്നത്.  ‘Error 503' എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്.

പ്രമുഖ സിഡിഎൻ (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ 'ഫാസ്റ്റ്ലി'യിൽ ഉണ്ടായ തകരാറാണ് പ്രശ്‌നത്തിനു കാരണം.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണെന്ന് ഫാസ്റ്റിലിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.