- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മുക്തരായ കുട്ടികളിൽ കാണുന്ന അപൂർവരോഗം കേരളത്തിലും; ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന മാരകരോഗത്തിന്റെ ഭീതിയിൽ രക്ഷകർത്താക്കൾ; മുൻകരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ
കോവിഡാനന്തരം നിങ്ങളുടെ കുട്ടികളിൽ പനി, വയറുവേദന, ഛർദി, തൊലിപ്പുറത്ത് ചുവന്നപാടുകൾ, തളർച്ച, അമിതമായ ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസമെടുപ്പ്, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുണ്ടോ? അത് നിസാരമായി തള്ളിക്കളയാൻ വരട്ടെ.
ലോകാരോഗ്യ സംഘടനയും സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും മൾട്ടിസിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്നുവിളിക്കുന്ന, ഹൃദയമടക്കമുള്ള അവയവങ്ങളെ ബാധിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളാകാം അവയെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ നൂറോളം കുട്ടികളാണ് ഈ രോഗത്തിന് ചികിത്സതേടിയിട്ടുള്ളത്. കോവിഡ് മുക്തരായ കുട്ടികളിലാണ് ഈ അസുഖം കൂടുതലായും കാണപ്പെടുന്നത്.
ഹൃദയത്തെയാണ് രോഗം കാര്യമായി ബാധിക്കുക. രോഗബാധിതർക്ക് ഹൃദയത്തിന്റെ രക്തം പമ്പുചെയ്യാനുള്ള കഴിവ് കുറയും, അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും, തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെയും രോഗംതകരാറിലാക്കും. അസാധാരണമായ വേദന കാരണം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും രക്തസമ്മർദ്ദം കുറയാനും (ഹൈപ്പോടെൻഷൻ) ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കാനും (ടാക്കകാർഡിയ) ഷോക്കിനും കാരണമാകും. ജേണൽ ഇ ക്ലിനിക്കൽ മെഡിസിൻ എന്ന മെഡിക്കൽ പ്രസിദ്ധീകരണത്തിലെ ഒരു റിപ്പോർട്ട് പ്രകാരം എം.ഐ.എസ്-സി. ബാധിച്ച 662 കുട്ടികളുടെ ആരോഗ്യനില വിലയിരുത്തിയപ്പോൾ അതിൽ 71 ശതമാനം കുട്ടികൾ ഐ.സി.യു. പരിപാലനം ആവശ്യമുള്ളവരും 60 ശതമാനം കുട്ടികൾ ഷോക്കിലും 52 ശതമാനം ഹൃദയമിടിപ്പിന്റെ വേഗത നിയന്ത്രിക്കുന്ന ചികിത്സ ആവശ്യമുള്ളവരും 39 ശതമാനം ശ്വസനസഹായം ആവശ്യമുള്ളവരും ആയിരുന്നു. അതിൽ മരണനിരക്ക് 1.7 ശതമാനവുമായിരുന്നു.
ഈ രോഗികളിൽ 54 ശതമാനത്തിലും അസാധാരണമായ ഇ.സി.ജി ആണ് കാണപ്പെടുന്നത്. ഇത് വളരെ കൂടുതലാണ്. ഹൃദയപേശികളെ ബാധിക്കുന്നതുകൊണ്ടാണ് ഇ.സി.ജി അസാധാരണമാകാൻ കാരണം. ഹൃദയപേശികളുടെ ഹിസ്റ്റോപാതോളജിക്കൽ സാമ്പിളുകൾ പരിശോധിക്കുമ്പോൾ ഹൃദയപേശികളിലെ കോശങ്ങൾക്ക് നാശം സംഭവിച്ചതായി കാണാം. ഹൃദയപേശികളിലെ നാശം സംഭവിച്ച കോശങ്ങളുടെ സാന്നിധ്യമോ ഒരു പരിധി വരെ വൈറസ് തന്നെയോ ഇതിന് കാരണമാകാം. ഹൃദയപേശികളിലെ തകരാറ് ഹൃദയത്തിന്റെ പമ്പിങ് കുറയ്ക്കാനും അതുവഴി രക്തസമ്മർദ്ദം കുറയാനും ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകാനും കാരണമാകും.
കൂടാതെ ഹൃദയപേശികളിലേക്ക് ഓക്‌സിജൻ കലർന്ന രക്തം എത്തിക്കുന്ന രക്തധമനികളെയും (കൊറോണറി ആർട്ടറി) ഇത് ബാധിക്കുകയും അവ വികസിക്കാനും അവയുടെ ആവരണം ക്ഷയിച്ച് പുറത്തേക്ക് തള്ളിനിൽക്കാനും അതുവഴി കൊറോണറി ആർട്ടറിയിൽ രക്തം കട്ടപിടിക്കാനും കാരണമാകും. കൊറോണറി ആർട്ടറിയിൽ ഇതുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതം വരും വർഷങ്ങളിൽ അറിയാനാകും.
ഹൃദയാവരണത്തിൽ (പെരികാർഡിയം) വ്രണം ഉണ്ടാകുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പെരികാർഡൈറ്റിസ് എന്ന രോഗത്തിനും ഹൃദയത്തിനും ആവരണത്തിനും ഇടയിൽ കൂടുതൽ ദ്രാവകം കെട്ടിനിൽക്കുന്ന പെരികാർഡിയൽ എഫ്യൂഷൻ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. എം.ഐ.എസ്- സിക്ക് കാവാസാക്കി രോഗത്തിനോടും ടോക്‌സിക് ഷോക്ക് സിൻഡ്രോമിനോടും ഏറെ സാദൃശ്യമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഡോക്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ശ്വാസകോശം, ഹൃദയം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ നാളം, വൃക്ക തുടങ്ങിയ അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. ശൈശവ മരണങ്ങൾക്ക് ഏറെ കാരണമാകുന്നതാണ് ഈ രോഗം.
ഇത് നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അതീവ ഗുരുതരമാവുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഐ.വി. ഇമ്യൂണോഗ്ലോബുലിൻസ്, കോർട്ടിക്കോസ്റ്റിറോയ്ഡ്‌സ്, ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിച്ച് നിർത്തുന്നതിന് ഉപയോഗിക്കുന്ന വാസോആക്റ്റിവ് പ്രക്രിയ, ആന്റികൊയാഗുലന്റുകൾ തുടങ്ങിയ മരുന്നുകളാണ് എം.ഐ.എസ്-സി. ചികിത്സയ്ക്ക് ആവശ്യം. കാവസാക്കി രോഗത്തിന് സമാനമായ ചികിത്സ തന്നെയാണ് ഇതിന് സാധാരണയായി നൽകുന്നത്.
കോവിഡ് ബാധിച്ച് രണ്ടാഴ്ചമുതൽ ഒരുമാസംവരെ കഴിഞ്ഞാണ് രോഗലക്ഷണം കാണപ്പെടുന്നത്. കോവിഡ് വൈറസിനോടുള്ള ശരീര പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണമാണ് രോഗകാരണമെന്ന് കരുതുന്നു.
ലക്ഷണംകാണിക്കാതെ കോവിഡ് ബാധിച്ച കുട്ടികൾക്കും കോവിഡാനന്തര രോഗബാധയുണ്ടാവും. അതിനാൽ കോവിഡനന്തര രോഗലക്ഷണങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിച്ച് തുടക്കത്തിലേ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം ലോകവ്യാപകമായി ഈ രോഗം കണ്ടുവരുന്നുണ്ട്. ഇംഗ്ലണ്ടിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കേരളമടക്കം കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം രോഗികളെ കണ്ടെത്തിയിട്ടുണ്ട്.