ലോകത്തിൽ സമ്പത്തിന്റെ കാര്യത്തിലും സംസ്‌കാരത്തിന്റെ കാര്യത്തിലും സോഷ്യൽ സർവീസുകളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ബ്രിട്ടനിൽ ഒരു കുട്ടി പട്ടിണി കിടന്ന് മരിക്കുകയെന്ന് വച്ചാൽ ആർക്കും വിശ്വസിക്കാനാവാത്ത കാര്യമായിരിക്കും. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവം ബ്രിട്ടന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. നാലു വയസുകാരനായ ചന്ദ്രക്കാണ് ലണ്ടൻ നഗരത്തിന് നടുവിലെ ഫ്ലാറ്റിനുള്ളിൽ കുടുങ്ങി പട്ടിണി കിടന്ന് മരിച്ചത്. ഈ കുട്ടിയുടെ അമ്മ 24 വയസുള്ള എസ്തെർ എകെറ്റി-മുലോ എപ്പിലെപ്സി മൂർച്ഛിച്ച് മരിച്ചതിനെ തുടർന്ന് ചന്ദ്രക്ക് ഇവിടെ ആരോരുമറിയാതെ പൂട്ടിയിട്ട ഫ്ലാറ്റിനുള്ളിൽ അമ്മയുടെ മൃതദേഹത്തിനരികെ അകപ്പെട്ട് പോവുകയും പട്ടിണി കിടന്ന് മരിക്കുകയുമായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാത്തവരുടെ ജീവിതം ലണ്ടൻ നഗരത്തിന്റെ നടുക്ക് പോലും ഇങ്ങനെയാണെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ഇവരുടെ ശവസംസ്‌കാരത്തിന് ഹൃദയവേദനയോടെ പങ്കെടുക്കാൻ നൂറ് കണക്കിന് പേരായിരുന്നു ഈസ്റ്റ്ലണ്ടനിലെ മാനർ പാർക്ക് സെമിത്തേരിയിലെത്തിയിരുന്നത്. ഹാക്ക്നെയിലെ കൗൺസിൽ ഫ്ലാറ്റിൽ വച്ച് പൊടുന്നനെ അപസ്മാരം മൂർച്ഛിച്ച എസ്ത്തെർ മരിക്കുകയായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയായ ചന്ദ്രക്ക് നിസ്സഹായനായി അവിടെ അകപ്പെടുകയും ഒന്നുറക്കെ കരയാൻ പോലുമാവാതെ വിശന്നും ദാഹിച്ചും നരകിച്ച് മരിക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അമ്മയുടെ ശവശരീരത്തിൽ അള്ളിപ്പിടിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. അവസാനം ഇവരുടെ ഒരു കുടുംബാഗമായിരുന്നു ശവശരീരങ്ങൾ കണ്ടെത്തിയത്.

വൾനറബിളായ കുട്ടികളെ സംരക്ഷിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങളുള്ള ഒരു രാജ്യത്താണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കുട്ടി ഇത്തരത്തിൽ മരിച്ചിരിക്കുന്നതെന്നത് വളരെ ഗൗരവകരമായ ചോദ്യങ്ങളാണുയർത്തുന്നതെന്ന് വിദഗ്ദ്ധർ ഈ കേസിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പേകുന്നു. സെപ്റ്റംബർ അവസാനം മുതൽ ചന്ദ്രക്ക് ഹാക്ക്നെയിലെ മോർണിങ് സൈഡ് പ്രൈമറിയിൽ പതിവായി ഹാജരാവാത്തതിനെ തുടർന്ന് സ്‌കൂളിന്റെ പ്രതിനിധികൾ ഫ്ലാറ്റിലെത്തി അന്വേഷിച്ചിരുന്നു. എന്നാൽ അവർക്ക് ഡൗൺസ്റ്റെയർ ഇന്റർകോമിലൂടെ ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ സ്‌കൂളിൽ നിന്നുള്ളവർ രണ്ട് പ്രാവശ്യം ഫ്ലാറ്റിലെത്തി അന്വേഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടികൾ സ്‌കൂളിൽ തുടർച്ചയായി ഹാജരാവാതെ വന്നാൽ അത് അധികൃതർ വേണ്ട വിധം അന്വേഷിക്കണമെന്ന് ഈ ഒരു സംഭവത്തിന്റെ വെളിച്ചത്തിൽ കൊറോണർ മേരി ഹാസെൽ കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. അവരാണീ കേസ് അന്വേഷിക്കുന്നത്. എന്നാൽ മാത്രമേ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളുവെന്ും ഹാസെൽ പറയുന്നു. ഈ കേസ് അന്വേഷണത്തിലൂടെ താൻ കണ്ടെത്തിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഹാസെൽ ' പ്രിവെൻഷൻ ഓഫ് ഫ്യൂച്വർ ഡെത്ത്സ്' എന്ന പേരിൽ ഒരു റിപ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷന് അയച്ചിട്ടുമുണ്ട്. ഈ കേസിൽ നിന്നും എന്ത് പാഠമാണ് പഠിക്കാനുള്ളതെന്ന് വിവിധ അഥോറിറ്റികൾ ചർച്ച ചെയ്ത് വരുകയാണ്. അതിനിടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് എസ്തെറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പശ്ചാത്തപിക്കുന്നുമുണ്ട്.