മാഡ്രിഡ്: അമ്മ ജോലിക്കു പോകുമ്പൾ മുറിയിൽ പൂട്ടിയിട്ട മകനെ അയൽവാസികളും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ ഹ്യുവെൽവാ എന്ന സിറ്റിയിലാണ് ദിവസം മുഴുവൻ മുറിക്കുള്ളിൽ ചങ്ങലയിൽ കഴിയുന്ന ഏഴു വയസുകാരന് അവസാനം മോചനമായത്. മകനെ പൂട്ടിയിട്ട അമ്മയ്‌ക്കെതിരേ അവഗണനയ്ക്കും ബാലപീഡനത്തിനുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

അമ്മ രാവിലെ ജോലിക്കു പോകുന്ന സമയം മുതൽ തിരികെയെത്തുന്നതു വരെ കുട്ടിയെ മുറിക്കുള്ളിൽ ചങ്ങലയുപയോഗിച്ച് പൂട്ടിയിടുക പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ചങ്ങലയ്ക്കിട്ടിരിക്കുന്ന കുട്ടിയെയാണ് കണ്ടത്.  വളരെ വൃത്തിഹീനമായ അവസ്ഥയിലായിരുന്ന കുട്ടിയെ അടുത്ത മെഡിക്കൽ സെന്ററിൽ കൊണ്ടുപോകുകയും സോഷ്യൽ വർക്കർമാർ കുട്ടിയെ ശുശ്രൂഷിക്കുകയുമായിരുന്നു.

ദിവസേന അമ്മ ജോലിക്കു പോകുമ്പോൾ രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെ കുട്ടി ഇത്തരത്തിൽ വീടിനുള്ളിൽ ബന്ധനസ്ഥനായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വൈകുന്നേരം കുട്ടിയുടെ അമ്മ വരാൻ കാത്തു നിന്ന പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്കൽ ചൈൽഡ് സർവീസിന്റെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടി. അമ്മയ്‌ക്കെതിരേ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു.