മുംബൈ: പക്ഷാഘാതം കാരണം ഭാര്യ കിടപ്പിലായതിനാൽ രണ്ടു വയസുകാരൻ മകനെ മടിയിലിരുത്തി ജോലി ചെയ്യേണ്ടി വന്ന മുംബൈയിലെ ഓട്ടോ ഡ്രൈവർ മുഹമ്മദ് സയ്യിദിന്റെ ജീവിതകഥ കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനോദ് കാപ്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഭാര്യ കിടപ്പിലായതോടെ രണ്ടുവയസുള്ള മകനേയും കുഞ്ഞുമകളേയും നോക്കാൻ ആളില്ലാതെയായി. ഓട്ടോ ഓടിക്കാതെ ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് മകളെ അയൽവാസിയെ നോക്കാൻ ഏൽപ്പിച്ച ശേഷം മകനുമായി സയ്യിദ് റോഡിലേക്കിറങ്ങിയത്.

മകനെ മടിയിലിരുത്തി ഓട്ടോയോടിച്ചതിന് തനിക്ക് 450രൂപ ഫൈൻ നൽകേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ സയ്യിദ് ഇതല്ലാതെ തന്റെ മുമ്പിൽ മറ്റുമാർഗമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയും ചെയ്തു. കുഞ്ഞിനെ മടിയിലിരുത്തി വാഹനമോടിക്കുന്നതിനാൽ പലരും തന്റെ വാഹനത്തിലെ യാത്ര ഒഴിവാക്കുകയാണെന്നും സയ്യിദ് പറഞ്ഞു.

മകന്റെ കാര്യത്തിൽ വിഷമമുണ്ട്. അവന് രണ്ടു വയസ് ആയിട്ടേയുള്ളൂ. ഇത്ര ചെറിയ കുട്ടിയെ സംബന്ധിച്ച് ദിവസം 10, 12 മണിക്കൂർ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. മറ്റൊരു വഴിയുമില്ലാതെയാണ് ഇതിനിറങ്ങുന്നതെന്നും സയ്യിദ് വ്യക്തമാക്കി.

സയ്യിദിന്റെ ഓട്ടോയിൽ യാത്ര ചെയ്തശേഷം സംവിധായകൻ വിനോദ് കാപ്രി സയ്യിദിന്റെ ദുരിതകഥയും ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റു ചെയ്തു. സയ്യിദിനെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും അദ്ദേഹം ട്വീറ്റു ചെയ്തിരുന്നു. ഇതോടെയാണ് സഹായവുമായി നിരവധി പേർ രംഗത്തുവന്നത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 30,000രൂപയാണ്.

ചിലർ സയ്യിദിന്റെ മകൻ മുസമ്മിലിനും മുസ്‌കാനും ബേബിസിറ്റ് ഓഫർ ചെയ്തു. സഹായം നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച സയ്യിദിന്റെ ഭാര്യ യാസ്മിൻ തനിക്ക് എഴുന്നേറ്റ് നിൽക്കാനായാൽ എല്ലാവർക്കും സ്വന്തം കൈകൊണ്ട് ആഹാരം പാകം ചെയ്തു നൽകാമെന്നും വാഗ്ദാനം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യ്തു.

വാർത്ത വൈറലായതോടെ തനിക്ക് ഒട്ടേറെ ഫോൺ കോളുകളാണ് വരുന്നതെന്നാണ് സയ്യിദ് പറഞ്ഞു. എനിക്കു കുറച്ചു പൈസ ലഭിച്ചു. എത്രയാണെന്ന് അറിയില്ല. ഞാൻ ബാങ്കിൽ പോയി നോക്കും. സഹായം നൽകാൻ താൽപര്യമുണ്ടെന്നറിയിച്ച് ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്. എന്റെ ഭാര്യയെ സൗജന്യമായി ചികിത്സിക്കാൻ തയ്യാറാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും സെയ്യിദ് പറഞ്ഞു.

യാസിനെ ചികിത്സയ്ക്കായി ആശുപത്രിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സയ്യിദ്.