മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം എൽ കെ അദ്വാനി രംഗത്തെത്തിയപ്പോൾ അധികാരം ലഭിക്കാത്ത വയോധികന്റെ പുലമ്പലായാണ് പലരും വിലയിരുത്തിയത്. എന്നാൽ, ഏകാധിപത്യ പ്രവണതയാണ് പാർട്ടിയിലുള്ളതെന്ന് സ്വന്തം പാളയത്തിൽ നിന്നുതന്നെ വിമർശനമുയരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും വിമർശിക്കുന്ന പാർട്ടി എംഎ‍ൽഎയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

പ്രാദേശിക ചാനലിന്റെ ലേഖകനുമായി സംസാരിക്കുന്നതിന്റെ ഒളികാമറ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുംബൈ കോളാബ മണ്ഡലത്ത പ്രതിനിധീകരിക്കുന്ന രാജ് പുരോഹിതാണ് ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത്.

ജനാധിപത്യമൊന്നും ബിജെപി എന്ന പാർട്ടിയിൽ കണ്ടുകിട്ടാനില്ല. കൂട്ടായ നേതൃത്വമുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. പക്ഷേ അത് പാർട്ടിയിൽ കാണാനില്ല. ഇത് അപകടകരമായ സൂചനയാണ്. മുകളിൽ നിന്നുള്ള സമ്മർദം കാരണം നിസ്സഹായനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മോദി നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ തുടരുന്ന ചില തെറ്റുകൾ അദ്ദേഹം ഒഴിവാക്കണം. കച്ചവടക്കാരെ അമിതമായി സഹായിക്കുന്ന നിലപാട് തിരുത്തണം. കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ തുടരുന്ന ഇരട്ടത്താപ്പിനേയും ബിജെപി എംഎൽഎ വിമർശിച്ചു. ചാനലുകൾ വീഡിയോ സംപ്രേഷണം ചെയ്തതോടെ ഇത് മോർഫ് ചെയ്തതാണെന്നും തന്റെ ശബ്ദമല്ലെന്നും പറഞ്ഞ് ഒഴിയുകയാണ് പുരോഹിത് ചെയ്തത്. 

അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവ് എൽ കെ അദ്വാനി രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് അതൃപ്തിയുടെ ശബ്ദം മുംബൈയിൽ നിന്നും ഉയർന്നത്. പാർട്ടിക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്കെതിരെ അമർഷം പുകയുന്നുണ്ട് എന്ന വിലയിരുത്തലാണ് രാഷ്ട്രീയനിരീക്ഷകർക്കുള്ളത്.