മഡ്ഗാവ്: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മുംബൈ സിറ്റി എഫ്സി. 86-ാം മിനിറ്റിൽ രാഹുൽ ഭേകെയുടെ ഹെഡർ ഗോളിലായിരുന്നു മുംബൈയുടെ ജയം.

ചെന്നൈയിൻ എഫ്സിയുടെ അപരാജിത മുന്നേറ്റത്തിന് വിരാമമിട്ടാണ് മുംബൈ ജയം നേടിയത്. മത്സരരത്തിൽ മുൻതൂക്കവും മുംബൈക്കായിരുന്നു. ജയത്തോടെ മുംബൈ ഒന്നാംസ്ഥാനം നിലനിർത്തി. ആറ് മത്സരങ്ങളിൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റുള്ള ചെന്നൈയിൻ അഞ്ചാമതാണ്.

ഗോൾരഹിതമായിരുന്നു ആദ്യ പകുതി. നിലവിലെ ചാംപ്യന്മാരായ മുംബൈ അവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തു. ചെന്നൈയിന്റെ അമിത പ്രതിരോധവും വിലങ്ങുതടിയായി. എന്നാൽ 86 -ാം മിനിറ്റിൽ വിജയഗോളെത്തി. അഹമ്മദ് ജഹൗഹിന്റെ പാസിൽ തലവച്ച് രാഹുൽ വലകുലുക്കി.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പന്ത് വലയിലെത്തിക്കാൻ മുംബൈക്ക് 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 46-ാം മിനിറ്റിൽ ജെറി നൽകിയ ക്രോസിൽ നിന്ന് ലഭിച്ച സുവർണാവസരം മുതലാക്കാൻ ലുക്കാസ് ഗിക്കിവിക്സിന് സാധിക്കാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി.

70-ാം മിനിറ്റിൽ ഇരട്ട സേവുമായി മികവ് കാട്ടിയ ചെന്നൈയിൻ ഗോളി വിശാൽ കൈത്തിന് പക്ഷേ 86-ാം മിനിറ്റിൽ പിഴച്ചു. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്ക് രക്ഷപ്പെടുത്താൻ മുന്നോട്ട് ചാടിയ കൈത്തിനെ മറികടന്ന് രാഹുൽ ഭേകെയുടെ ഹെഡർ വലയിലെത്തുകയായിരുന്നു.

പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും മുംബൈ തന്നെയായിരുന്നു മുന്നിൽ. മത്സരത്തിൽ 70 ശതമാനവും പന്ത് മുംബൈക്കൊപ്പമായിരുന്നു. 15 ഷോട്ടുകളാണ് തൊടുത്തത്. ഇതിൽ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. ഗോൾവര കടന്നത് ഒരെണ്ണം മാത്രം. മറുവശത്ത് ചെന്നൈ ഏഴ് ഷോട്ടുകൾ തൊടുത്തു. രണ്ടെണ്ണം മാത്രമാണ് ഗോൾ കീപ്പറെ പരീക്ഷിച്ചത്.

വ്യാഴാഴ്ച ഐഎസ്എല്ലിനെ മുൻ ചാംപ്യൻന്മാരായ എടികെ മോഹൻ ബഗാനും ബംഗളൂരു എഫ്സിയും നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങും. നിലവിൽ ആറാം സ്ഥാനത്താണ് എടികെ. ബംഗളൂരു ഒമ്പതാം സ്ഥാനത്തും.