മുംബൈ: പാക്കിസ്ഥാൻ ജയിലിൽ ആറു വർഷമായി തടവിലായിരുന്ന മുംബൈ സ്വദേശി മോചിതനായി. ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ ഹമീദ് നെഹൽ അൻസാരിയാണ് മോചിതനായത്. ചാരവൃത്തി കൂടാതെ മറ്റ് കേസുകളും ഹമീദിന്റെ മേൽ ചുമത്തിയിരുന്നു. അട്ടാരി-വാഗ അതിർത്തിവഴി ഇദ്ദേഹം ഇന്ത്യയിലെത്തി. 33 കാരനായ എഞ്ചിനിയർ ഹമീദ് നെഹാൽ അൻസാരിയാണ് കഴിഞ്ഞആറ് വർഷമായി ചാരക്കേസിൽ പാക്കിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്നത്. കുടുംബവും ഇന്ത്യൻ സേനാ ഉദ്യോഗസ്ഥരും വാഗാ അതിർത്തിയിലെത്തി അൻസാരിയെ സ്വീകരിച്ചു.

ഇന്ത്യയിലെത്തിയ അൻസാരി കുടുംബത്തോടൊപ്പം മാതൃഭൂമിയെ വണങ്ങി. വികാര നിർഭരമായിരുന്നു ആ കാഴ്ച. ഇന്ത്യയിലെത്തിയ അൻസാരി മാധ്യമങ്ങളോട് സംസാരിച്ചില്ല. ജോലി ലഭിച്ചതിനെ തുടർന്ന് 2012 ൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് പോയ അൻസാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു. അൻസാരി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനി പെൺകുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തിൽനിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ അൻസാരി പാക്കിസ്ഥാനിലെത്തിയെന്നും ന്യൂസ് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു.

2012 നവംബർ 12 ന് അഫ്ഗാൻ അതിർത്തി മുറിച്ച് പാക്കിസ്ഥാനിലെ ജലാലാബാദിലേക്ക് കടന്നതും പാക് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.പിന്നീട് സൈനിക കോടതി അൻസാരിയെ മൂന്നു വർഷത്തെ തടവിനു ശിക്ഷിച്ചു. മൂന്നു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അൻസാരിക്ക് ജയിലിൽ തുടരേണ്ടിവന്നു.എന്നാൽ അപ്രതീക്ഷിതമായി ചൊവ്വാഴ്ച അൻസാരിയെ മോചിപ്പിക്കുന്നുവെന്ന് വ്യക്താക്കുന്ന സന്ദേശം പാക്കിസ്ഥാനിൽനിന്ന് ഇന്ത്യൻ വിദേശമന്ത്രാലയത്തിന് ലഭിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലാണ് അൻസാരിയുടെ മോചനത്തിനായി നയതന്ത്ര സമ്മർദ്ദത്തിന് വഴിതെളിച്ചത്.