പുണെ: എമിലിയാനോ ആൽഫാരോയിലാണ് ഈ സീസണിൽ പൂനൈയുടെ പ്രതീക്ഷകളെല്ലാം, ആ പ്രതീക്ഷകൾ കാത്ത ആൽഫാരോയുടെ ഇരട്ടഗോളിൽ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി പൂണെ സിറ്റി എഫ് സി ആവേശ വിജയം സ്വന്തമാക്കി.

ഐ.എസ്.എല്ലിൽ അയൽക്കാർ തമ്മിലുള്ള മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ നേടിയ ഗോളിലാണ് പുണെ മുംബൈയെ തോൽപ്പിച്ചത്. കളിയുടെ ആദ്യ മിനുട്ടിൽ ആധിപത്യം പുലർത്തിയത് മുംബൈയായിരുന്നു. 15ാം മിനുട്ടിൽ തന്നെ ബൽവന്ത് സിങ്ങിലൂടെ മുംബൈ ലീഡ് നേടി. ഒരു ഗോൾ വീണതോടെ മാഴ്‌സലോയുടെ നേതൃത്വത്തിൽ പൂന ഇരച്ചുകയറിയെങ്കിലും മുംബൈ വല കുലുക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഇതോടെ ആദ്യ പകുതിയിൽ മുംബൈ ഒരു ഗോളിനു മുന്നിട്ടുനിന്നു.

എന്നാൽ 74-ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ പുണെയ്ക്ക് സമനില ഗോൾ ലഭിച്ചു. പെനാൽറ്റിയുടെത്ത എമിലായനോ ആൽഫാരോയ്ക്ക് പിഴച്ചില്ല. ഒടുവിൽ കളി സമനിലയിലേക്കു പോകവെ അധികസമയത്ത് പൂനയുടെ വിജയമുറപ്പിച്ച ഗോളെത്തി. സ്വന്തം ഹാഫിൽനിന്നു ലഭിച്ച ലോംഗ് ബോൾ പിടിച്ചെടുത്ത ഡീഗോ കാർലോസ് പന്ത് അൽഫാരോയ്ക്കു മറിച്ചുനൽകി. അൽഫാരോയുടെ ഷോട്ട് മുംബൈ വല കുലുക്കി.

കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാക്കളായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ പുണെ തകർത്തിരുന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പുണെയുടെ വിജയം.വിജയത്തോടെ മൂന്നു കളികളിൽനിന്ന് ആറു പോയിന്റുമായി പൂന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇത്രയും കളികളിൽനിന്നു മൂന്നു പോയിന്റ് മാത്രമുള്ള മുംബൈ പട്ടികയിൽ ആറാം സ്ഥാനത്താണ്. കളിച്ച രണ്ടു കളികളും ജയിച്ച ബംഗളുരു എഫ്‌സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.നാളെ നടക്കുന്ന മൽസരത്തിൽ എഫ്.സി ഗോവ കരുത്തരായ ബാംഗ്ലൂർ എഫ്.സിയെ നേരിടും.