- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസത്തിന്റെ കരാള രൂപം... അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കശാപ്പ്... മനുഷ്യത്വത്തിന്റെ അന്ത്യം...കഷ്ടം! ഇന്ത്യ ജനാധിപത്യ രാജ്യമാണത്രേ!
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ആർക്കും ആരെക്കുറിച്ചും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള മഹത്തായ രാഷ്ട്രമെന്നും ഒരു അപരാധി രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത തരത്തിൽ സ്തുത്യർഹമായ നിയമസംവിധാനമുള്ള മഹാ നീതിന്യായ വ്യവസ്ഥ എന്നുമൊക്കെ വീമ്പു പറഞ്ഞ് നടന്നതിനെ ഓർത്ത് ലജ്ജിച്ച് തല താഴ്ത്തുകയാണ്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ആർക്കും ആരെക്കുറിച്ചും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള മഹത്തായ രാഷ്ട്രമെന്നും ഒരു അപരാധി രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത തരത്തിൽ സ്തുത്യർഹമായ നിയമസംവിധാനമുള്ള മഹാ നീതിന്യായ വ്യവസ്ഥ എന്നുമൊക്കെ വീമ്പു പറഞ്ഞ് നടന്നതിനെ ഓർത്ത് ലജ്ജിച്ച് തല താഴ്ത്തുകയാണ് മാനം മര്യാദയ്ക്ക് ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരും ഇപ്പോൾ. മാറിയ ലോകത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ഫെയ്‌സ്ബുക്കിൽ നിരുപദ്രവകരമായ ഒരു പരാമർശം നടത്തിയതിനാണ് ഒരു ചെറിയ പെൺകുട്ടിയെ രാജ്യദ്രോഹിയെപ്പോലെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചതിന്റെ ഭീകരതയും കഠോരതയും ജനാധിപത്യ വിശ്വാസികൾക്ക് എങ്ങനെ വിസ്മരിക്കാൻ കഴിയും.
- താക്കറെയെകുറിച്ച് ഫേസ്ബുക്കിൽ പരാമർശിക്കുന്നവർ സൂക്ഷിക്കുക! താക്കറെയുടെ നിര്യാണത്തിൽ ബന്ദ് നടത്തുന്നത് ശരിയല്ലെന്ന് പോസ്റ്റിട്ട യുവതി അറസ്റ്റിൽ
- ഇന്ത്യൻ ജനാധിപത്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായത് ഈ പെൺകുട്ടി; താക്കറേക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു ജയിലിലായ ഷഹീനയുടെ കഥ
21 വയസ്സുള്ള ഷഹീന ധാഡ എന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്യാൻ അനുവദിച്ച നിയമം ഏത് രാജ്യരക്ഷയുടെ പേരിലാണെങ്കിലും കാടത്തമാണ്... ജനാധിപത്യ വിരുദ്ധമാണ്... ഭരണഘടന ഉറപ്പു തരുന്ന പൗരന്റെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഈ കാടത്തത്തെ വിശേഷിപ്പിക്കാൻ ലോകത്തെ ഏതെങ്കിലും ഒരു ഭാഷയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഫാസിസം എന്ന വാക്കിന്റെ അർത്ഥം തേടി ഹിറ്റ്‌ലറേയും സ്റ്റാലിനെയും അനേ്വഷിക്കുന്നവർ കണ്ണുതുറന്ന് കാണുക. ഇതിലും നഗ്നമായ ഒരു ഫാസിസ്റ്റ് സമീപനം അടുത്തകാലത്തൊന്നും ലോകത്ത് ഒരിടത്തും ഉണ്ടായിട്ടുണ്ടാവില്ല. മലാല എന്ന പെൺകുട്ടിയുടെ ജീവന്റെ പേരിൽ താലിബാന്റെയും അതുവഴി പാക്കിസ്ഥാന്റെയും പുറത്ത് കുതിരകയറുന്ന ജനാധിപത്യവാദികൾ അറിയുക ഷഹീനയുടെ വിധിയുടെ അത്രയും ലജ്ജാകരമായ ഒന്നല്ല ആ സംഭവം. താലിബാൻ എന്ന ഭീകരവാദ സംഘടനയാണ് മലാലയുടെ ജീവനെടുക്കാൻ ശ്രമിച്ചതെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കാവൽ ഭടന്മാരായ പൊലീസാണ് ഈ ക്രൂരതയുടെ ഉത്തരവാദികൾ. ഈ വ്യത്യാസം കാണാതിരുന്നു കൂടാ.
നാനാത്വത്തിൽ ഏകത്വം എന്ന ഭാരതമാതാവിന്റെ സത്തക്കെതിരെ പ്രവർത്തിച്ച ഒരു നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബാൽ താക്കറെ. തികച്ചും സങ്കുചിതവും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതിന്ം കടകവിരുദ്ധവുമായ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ചതുമായിരുന്നു താക്കറെയുടെ രാഷ്ട്രീയ പാർട്ടി. ആ സങ്കുചിത രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയുടെ അന്തസ്സിനും പൗരന്റെ അവകാശങ്ങൾക്കെതിരെയും കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കയ്യും കണക്കുമില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന മതേതരത്വം എന്ന സങ്കല്പത്തെ ഇല്ലാതാക്കുന്ന തരത്തിൽ മാത്രമായിരുന്നു താക്കെറെയുടെ പ്രവർത്തനങ്ങളും പ്രസംഗങ്ങളും. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിന്താഗതിക്ക് ഇരകളായവർ പോലും ഒരു അഭിപ്രായം പോലും ഒരിടത്തും രേഖപ്പെടുത്തിയില്ല. മരിച്ചവരെ ആദരിക്കുക എന്ന മര്യാദ മാത്രമായിരുന്നില്ല അതിനു കാരണം. ശിവസേനക്കാർ എന്ന നിയമത്തിന് അതീതരായ ഒരു കൂട്ടം തീവ്രവാദികളുടെ ഇരയാകാൻ ആരും ആഗ്രഹിച്ചിരുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ കാരണം.
പ്രായാധിക്യം മൂലം താക്കറെ മരിച്ചപ്പോൾ ഒരു കൂട്ടം തീവ്രവാദികൾ ബന്ദ് പ്രഖ്യാപിച്ചത് ശരിയല്ല എന്ന അഭിപ്രായം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും തോന്നാം. ദൈവത്തിനെതിരെയുള്ള ബന്ദ് പ്രകൃതി നിയമങ്ങൾക്കെതിരെയുള്ള വെല്ലുവിളി എന്ന പേരിൽ ഞങ്ങളും ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒരു മരണത്തിന്റെ പേരിൽ ബന്ദ് നടത്തുന്നത് ഉചിതമല്ല എന്ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചുവച്ചതാണ് ഷഹീനയെ ഭീകരവാദിയാക്കിയതും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും. ജീവിതം മുഴുവൻ ന്യൂനപക്ഷങ്ങളെയും തന്റെ വിശ്വാസങ്ങളെ അംഗീകരിക്കാതിരുന്നവരെയും എതിർക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഒരു നേതാവിനെക്കുറിച്ച് നേരിയ ഒരു പരാമർശം നടത്തിയതിനാണ് ഈ അറസ്റ്റ് എന്നോർക്കണം. എന്തൊരു വിരോധാഭാസമാണിത്.
ഒരു സമൂഹത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന തരത്തിൽ സങ്കുചിതമായ പ്രമാണങ്ങൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളെ ഒന്നു തൊടാൻ പോലും കഴിയാത്ത നിയമ വ്യവസ്ഥ അത്തരം ഒരാളെക്കുറിച്ച് നിസ്സാരമായ പരാമർശം നടത്തിയതിന് ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ കാടത്തത്തെ എതിർത്ത് തോൽപ്പിക്കേണ്ടത് ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ അറസ്റ്റിന് കാരണമായ നിയമം അടിയന്തിരമായി മാറ്റി എഴുതേണ്ടിയിരിക്കുന്നു. ഇനി നിയമത്തെ വ്യാഖ്യാനിച്ച് ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത കുരുത്തക്കേടാണ് ഇതെങ്കിൽ ആ ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കുകയും ഈ പെൺകുട്ടിക്ക് ഉണ്ടായ നാണക്കേടിന് രാജ്യം മാപ്പ് പറയുകയും ചെയ്യേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങൾ ജനങ്ങളെ ഭയപ്പെടുകയും അഭിപ്രായങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്ന ഭീതിതമായ ഈ സാഹചര്യം ഒരു കാരണവശാലും അനുവദിച്ചു കൂടാ.
അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആധുനിക ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയല്ല ഈ യുവതി. ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും ഒക്കെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അനേകം പേരെ ഈ ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുന്നുണ്ട്. ഈ അടുത്തകാലത്ത് നിലവിൽ വന്ന ഐറ്റി ആക്ട് എന്ന കഠോരനിയമത്തിന്റെ പ്രത്യേകതയാണ് ഇതൊക്കെ. ഒരു മനുഷ്യന്റെ അന്തസ്സിനെ അങ്ങേയറ്റം ഇല്ലാതാക്കുന്ന എന്തും അച്ചടിച്ചു വിടാം. ഒരു കുഴപ്പവും ഇല്ല എന്നാൽ ഒരു സത്യം പോലും ഇലക്‌ട്രോണിക് മാദ്ധ്യമത്തിലൂടെ പറഞ്ഞ് കൂടാ എന്ന ക്രൂരതയാണ് ഇത്. ആരെയും അറസ്റ്റ് ചെയ്യാനും തടവിൽ പാർപ്പിക്കാനും ഇന്ത്യൻ ഐറ്റി ആക്ടിന് കഴിയുന്നു. ഷഹീന എന്ന പെൺകുട്ടിയുടെ യാതന ഈ കരാള നിയമം പൊളിച്ചെഴുതുന്നതിന് കാരണമാകട്ടെ. അല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം ലോകത്തിന്റെ മുമ്പിൽ പരിഹസിക്കപ്പെടുമെന്ന് തീർച്ച. ഈ അറസ്റ്റ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സിന് ഉണ്ടാക്കിയ ഇടിവ് മാറ്റാൻ ഏത് പരിഹാരത്തിനാണ് കഴിയുക.