മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗിലൂടെ ആരാധകരുടെ മനസ്സു കീഴടക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ 19 വയസ്സുകാരനായ തിലക് വർമ. 33 പന്തിൽ 3 ഫോറും 5 സിക്‌സും അടക്കം 61 റൺസെടുത്ത ഈ ഇടംകയ്യൻ ബാറ്ററുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ളവരും മത്സരശേഷം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ഹൈദരാബാദിനായി ആഭ്യന്തര ടൂർണമെന്റുകളിൽ തിളങ്ങുന്ന തിലക് 2020 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇത്തവണ താരലേലത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും അദ്ദേഹത്തിനായി രംഗത്തെത്തി. എന്നാൽ പോരാട്ടത്തിനൊടുവിൽ 1.7 കോടി രൂപയ്ക്ക് മുംബൈ തിലകിനെ സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്ലിന്റെ പകിട്ടിലെത്തുംമുമ്പ് തിലകിന്റെ ജീവിതം നിറംമങ്ങിയ ചിത്രം പോലെയായിരുന്നു. ഇലക്ട്രീഷനായ നമ്പൂരി നാഗരാജുവിന് മകന്റെ ക്രിക്കറ്റ് കിറ്റിനുവേണ്ട പണം കണ്ടെത്താൻ വഴികളുണ്ടായിരുന്നില്ല. എന്നാൽ പരിശീലകൻ സലാം ബയാഷ് സഹായവുമായെത്തി. ക്രിക്കറ്റുമായി ബന്ധപ്പെട്ട തിലകിന്റെ എല്ലാ ചെലവുകളും വഹിച്ചു. തന്റെ ഈ ദുരിതകാലത്തെ കുറിച്ച് സ്പോർട്സ് പോർട്ടലായ ക്രിക്ക്‌ബസിന് അനുവദിച്ച അഭിമുഖത്തിൽ തിലക് മനസ്സുതുറന്നു.

'ഐപിഎൽ താരലേലം പുരോഗമിക്കുമ്പോൾ പരിശീലകനുമായി വിഡിയോ കോളിലായിരുന്നു ഞാൻ. തുക ഉയർന്നുയർന്നു വന്നതോടെ അദ്ദേഹത്തിന് ഏറെ സന്തോഷമായി. മുംബൈ എന്നെ സ്വന്തമാക്കിയതിനു ശേഷമാണു മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞത്. സന്തോഷ വാർത്ത അറിഞ്ഞതോടെ അവർ കരച്ചിലും തുടങ്ങി. അമ്മയുടെ വാക്കുകൾ മുറിഞ്ഞു.

ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണു വളർന്നത്. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽനിന്നാണു ക്രിക്കറ്റ് പരിശീലനത്തിനും മൂത്ത സഹോദരന്റെ പഠനത്തിനുമുള്ള വക കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ ക്രിക്കറ്റ് ചെലവുകൾ സ്‌പോൺസർമാരാണു വഹിക്കുന്നത്.

പക്ഷേ, സ്വന്തം എന്നു പറയാൻ ഇതുവരെ ഞങ്ങൾക്കൊരു വീടില്ല. അതുകൊണ്ട് ഈ ഐപിഎല്ലിൽനിന്ന് എന്താണോ ലഭിക്കുന്നത്, ആ തുക ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീടുവച്ചു നൽകണം. ഐപിഎല്ലിൽനിന്നു ലഭിക്കുന്ന സമ്പാദ്യം മുന്നോട്ടുള്ള വർഷങ്ങളിൽ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ എന്നെ സഹായിക്കും' തിലക് വർമയുടെ വാക്കുകൾ.