മുംബൈ: താനെ ജില്ലയിലെ മിര റോഡിൽ ഇഡ്ലി വിൽപ്പനക്കാരനായ യുവാവ് തർക്കത്തിനിടെ നിലത്ത് വീണ് മരിച്ചു. വീരേന്ദ്ര യാദവ് എന്ന 26 വയസ്സുകാരനാണ് മരിച്ചത്. 20 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെ നിലത്തുവീണ വീരേന്ദ്ര യാദവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഇഡ്ലി വിൽപ്പന സ്റ്റാളിലേക്ക് മൂന്ന് പേര് എത്തുകയും വീരേന്ദ്ര യാദവ് 20 രൂപ സംഘത്തിന് നൽകാനുണ്ടെന്നും ആരോപിച്ചാണ് തർക്കം ആരംഭിച്ചത്. വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഇതിനിടെയാണ് വീരേന്ദ്ര യാദവ് തലയടിച്ച് നിലത്തുവീണത്. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ നയ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.