മുംബൈ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നത് തീർച്ചയായും കുറ്റകരമാണ്. ഇത്തരക്കാരെ ഒരുപാഠം പഠിപ്പിക്കാൻ തന്നെ ഉറച്ച് ഇറങ്ങിയിരിക്കുകയാണ് മുംബൈ പൊലീസ്. എന്നാൽ, മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനെ പാഠം പഠിപ്പിക്കാനെത്തിയ പൊലീസിന് അമള ിപറ്റി. ഡ്രൈവിങ് സീറ്റിലിരുന്ന് ദുൽഖർ മൊബൈൽ ഉപയോഗിക്കുന്ന വീഡിയോ ഡിക്യൂവിനൊപ്പം ഉണ്ടായിരുന്ന നടി സോനം കപൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതുകണ്ടപാടേ കാര്യം അന്വേഷിക്കാതെ എടുത്തുചാടിയതാണ് മുംബൈ പൊലീസിനെ കുഴിയിൽ ചാടിച്ചത്.

ഡ്രൈവിങ്ങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നു. തിരശീലയിലായാലും ജീവിതത്തിലായാലും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്. സോനം കപൂറിനെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. എന്നാൽ സോനം കപൂറിന്റെ മറുപടി എത്തിയതോടെ മുംബൈ പൊലീസ് അയ്യടാ എന്നായി പോയി

തങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഒരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ സന്തോഷമുണ്ട്. സാധാരണക്കാരുടെ കാര്യത്തിലും ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സോനത്തിന്റെ മറുപടി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റ്നായി ദുൽഖർ സൽമാൻ വേഷമിടുന്ന ദി സോയ ഫാക്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് രംഗമായിരുന്നു ട്വീറ്റ് ചെയ്ത് വൈറലായ വീഡിയോ. ഫോണിൽ ശ്രദ്ധിക്കുന്ന ദുൽഖറിനെ നോക്കി വിചിത്രമെന്ന് സോനം പറയുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. ഇത് ഷൂട്ടിങ്ങ് വീഡിയോ ആണെന്നറിയാതെയായിരുന്നു മുംബൈ പൊലീസ് ഇടപെടത്. സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞ ശേഷമായിരുന്നു ട്വീറ്റ് ചെയ്തതെങ്കിൽ അഭിനന്ദിക്കാമായിരുന്നുവെന്ന് ദുൽഖറും മുംബൈ പൊലീസിനെ ട്രോളി. ഷൂട്ടിങ്ങിനായി മുംബൈ പൊലീസിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും അവർ എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.