മുംബൈ: പ്രായമോ രോഗാവസ്ഥയോ പരിഗണിക്കാതെ തന്നെ എ.ആർ.ടി ചികിത്സ നടത്താമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മുംബൈ ജില്ലാ എയിഡ്‌സ് കൺട്രോൾ സൊസൈറ്റി പുതുതായി രോഗബാധിതരെന്ന് സ്ഥിരീകരിക്കപ്പെട്ട 8,000 എയിഡ്‌സ് രോഗികളെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു.

നേരത്തെ ശ്വേതരക്താണുക്കളുടെ എണ്ണം പരിഗണിച്ച് മാത്രമെ എ.ആർടി നൽകാവൂവെന്ന് ദേശീയ എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഈ നിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയടം ഒഴിവാക്കിയതോടെയാണ് രോഗബാധിതരായ 8,000 പേർക്ക് കൂടി ആന്റി റിട്രോവൈറൽ ട്രീറ്റ്‌മെന്റ് (എ.ആർ.ടി) നൽകാൻ ജില്ലാ എയിഡ്‌സ് കൺട്രോൾ സൊസൈറ്റി തീരുമാനിച്ചത്.

ഇതിൽ പലരിലും സർക്കാരിന്റെ അല്ലാത്തതുമായ സംവിധാനങ്ങളിൽ പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ച്. എന്നാൽ നിയമം കർശനമായതിനാൽ അന്ന് ഈ രോഗികൾക്ക് എ.ആർ.ടി നൽകാൻ സാധിച്ചിരുന്നില്ല. എ.ആർ.ടിക്കുള്ള വ്യവസ്ഥകൾ ലഘൂകരിച്ച സാഹചര്യത്തിലാണ് ഈ രോഗബാധിതരെ കണ്ടെത്താൻ ജില്ലാ എയിഡ്‌സ് നിവാരണ സൊസൈറ്റി ശ്രമാമാരംഭിച്ചത്.

നിലവിൽ എ.ആർ.ടി നൽകിയ 33,000 രോഗബാധിതരാണ് മുംബെയിലുള്ളത്. അതേസമയം കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ പുതിയ പട്ടികയിൽ ഉള്ളതിനാൽ അവരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് ജില്ലാ എയിഡ്‌സ് നിയന്ത്രണ സൊസൈറ്റി ഡെ.ഡയക്ടർ ഡോ. ശ്രീകല ആചാര്യ പറയുന്നു.