മുംബൈ: മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്‌ബോൾ അറീനയിൽ മഹാ ഡെർബിയിൽ ഇന്ന് മുംബൈ സിറ്റി പൂണെ സിറ്റിയെ നേരിടും. പോയിന്റ് പട്ടികയിൽ എഫ്.സി. പുനെ സിറ്റി 14 മത്സരങ്ങളിൽ നിന്നും എട്ട് ജയവും ഒരു സമനിലയും അഞ്ച് തോൽവിയും ചേർത്ത് 25 പോയിന്റോടെ രണ്ടാം സ്ഥാനത്തും 13 മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് സമനിലകളും ആറ് തോൽവിയുമായി 17 പോയന്റോടെ മുംബൈ സിറ്റി എഴാം സ്ഥാനത്തുമാണ് ഉള്ളത്.

പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് മുംബൈക്ക് വിജയം കൂടിയേ തീരു.ഒരു സമനില പോലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തല്ലികെടുത്തും. പൂണെയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പൂണെ 2-1നു മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

അതേ സമയം ആദ്യ സ്ഥാനത്തു നിൽക്കുന്ന ബംഗ്‌ളൂരുവുമായി രണ്ടാം സ്ഥാനക്കാരായ പൂണെ സിറ്റിയുടെ ദൂരം എട്ട് പോയിന്റാണ്. പൂണെ നിരയിൽ ഇത്തവണയും മലയാളി താരം ആഷിഖ് കുരുണിയൻ പരിക്കുമൂലം ഇറങ്ങില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ മർസെലിഞ്ഞോ നേടിയ ഗോളിലാണ് പൂണെ നോർത്ത് ഈസ്റ്റിനെ മറികടന്നത്.