- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനു വോട്ടു ചെയ്തുവെന്ന് റിപ്പോർട്ട്; മുലായത്തെ ഐ എസ് ഐ ഏജന്റ് എന്ന് വിളിച്ച യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാതെ ശിവ് പാൽ യാദവ്; ഗുജറാത്തിലും മഹാരാഷ്ട്രയിലും 'കൂറുമാറ്റം' ദ്രൗപതി മുർമുവിന് വോട്ടുകൾ കൂടും; ഇന്ത്യയുടെ അടുത്ത പ്രസിഡന്റ് മുർമു തന്നെ
ന്യൂഡൽഹി: രാഷ്ട്രപതിയായി ദ്രൗപതി മുർമു എത്തുമെന്ന് ഉറപ്പായി. പാർട്ടി തീരുമാനത്തിനു വിരുദ്ധമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും 'കൂറുമാറ്റം' നടന്നതോടെ മുർമുവിന്റെ ഭൂരിപക്ഷം ഉയരുമെന്നും ഉറപ്പായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ല. അതുകൊണ്ട് തന്നെ നിയമസഭയിലേകും പാർലമെന്റിലേയും അംഗങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാം. ആരാണ് കൂറുമാറിയതെന്ന് അറിയാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മുർമുവിന് വോട്ട് കൂടുതൽ കിട്ടുമെന്ന വിലയിരുത്തൽ. എത്ര എംപിമാർ ക്രോസ് വോട്ടു ചെയ്തുവെന്നതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് വിജയിക്കാൻ വേണ്ട വോട്ടുമൂല്യം 5,43,216 ആയിരിക്കും. ഇത് ലഭിക്കാനായി ഇലക്ട്രൽ കോളേജിന്റെ നിലവിലെ ആകെ വോട്ടുമൂല്യമായ 10,86,431-നെ രണ്ടുകൊണ്ട് ഹരിച്ച് ദശാംശസംഖ്യ ഒഴിവാക്കി ഒന്നുകൂടി കൂട്ടേണ്ടതാണ്. അതായത്, രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് ജയിക്കണമെങ്കിൽ 50 ശതമാനത്തിന് തൊട്ടുമുകളിൽ വോട്ടു നേടേണ്ടതായിവരും എന്ന് ചുരുക്കം. ഇത് മുർമുവിന് കിട്ടുമെന്ന് ഉറപ്പാണ്. ഇത് എത്രത്തോളം ഉയരുമെന്നതാണ് ഇനി അവേശിക്കുന്ന ചോദ്യം.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോൾ എൻ.ഡി.എ സഖ്യത്തിന് ലോക്സഭയിൽ നിന്നും സംസ്ഥാന നിയമസഭകളിൽ നിന്നുമുള്ള ആകെ വോട്ടുമൂല്യം 5,26,420 ആയിരിക്കുമെന്നാണ് അന്ന് പുറത്തുവന്ന കണക്കുകൾ നൽകിയ സൂചന. ഇതിൽ ബിജെപി എംഎൽഎ മാരുടെ മാത്രം വോട്ടുമൂല്യം 1.85 ലക്ഷവും എംപി മാരുടേത് 2.74 ലക്ഷവുമാണ്. ശേഷിച്ച 67,000- ഓളം വോട്ടുമുല്യം ഘടകകക്ഷികളുടെ പങ്കാളിത്തത്തിലൂടെയാണ് എൻ.ഡി.എ സഖൃത്തിന് ലഭിക്കുന്നത്. ഇതിനൊപ്പം കൂറുമാറ്റ വോട്ടുകളും. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വവും രാഷ്ട്രീയ അടിയൊഴുക്കുകളും മഹാരാഷ്ട്രയിലടക്കം നടന്ന രാഷ്ട്രീയ നാടകങ്ങളും ഭരണപ്രതിപക്ഷ കക്ഷികളുടെ ലഭിക്കാൻ സാധ്യതയുള്ള വോട്ടുമൂല്യത്തിന്റെ ഘടനതന്നെ മാറ്റിമറിച്ചു. അങ്ങനെയാണ് അനായസ ജയം മുർമു ഉറപ്പിച്ചത്.
അസമിൽ 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനു വോട്ടു ചെയ്തതായി നേരത്തേ കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന എഐയുഡിഎഫ് ആരോപിച്ചു. മേഘാലയയിൽ 5 കോൺഗ്രസ് എംഎൽഎമാർ ദ്രൗപദിക്കു വോട്ട് നൽകി. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രതിപക്ഷ എംഎൽഎമാർ എൻഡിഎ സ്ഥാനാർത്ഥിക്കു വോട്ടു ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുപിയിൽ മുലായംസിങ് യാദവിന്റെ സഹോദരൻ കൂടിയായ ശിവ്പാൽ യാദവ് യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യാനാവില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു. മുലായം സിങ്ങിനെ സിൻഹ ഐഎസ്‌ഐ ഏജന്റ് എന്നു വിളിച്ചിട്ടുണ്ടെന്നാണ് ശിവ്പാൽ യാദവ് പറഞ്ഞത്.
ഹരിയാനയിലെ വിമത കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് താൻ മനഃസാക്ഷി വോട്ടു ചെയ്തുവെന്ന് പറഞ്ഞു. ഒഡീഷയിലെ ഏക കോൺഗ്രസ് എംഎൽഎ മുഹമ്മദ് മോക്വിം സംസ്ഥാനത്തിന്റെ പുത്രിയായ മുർമുവിനാണ് വോട്ടു ചെയ്തതെന്ന് പറഞ്ഞു. ഝാർഖണ്ഡിലെ എൻസിപി എംഎൽഎ കംലേഷ് സിങും ഗുജറാത്തിലെ എൻസിപി എംഎൽഎ കന്താൽ ജഡേജയും മുർമുവിനു വോട്ടു ചെയ്തതായി വെളിപ്പെടുത്തി. പഞ്ചാബിലെ ശിരോമണി അകാലിദൾ എംഎൽഎ മൻപ്രീത് സിങ് തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു. ജയിലിലുള്ള മഹാരാഷ്ട്ര എംഎൽഎമാരായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും വോട്ടുചെയ്യാനായില്ല.
അനാരോഗ്യം അവഗണിച്ചും വോട്ടു ചെയ്യാനെത്തിയവരുടെ കൂട്ടത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് (89) ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. വീൽചെയറിലെത്തിയ മന്മോഹനെ പോളിങ് ഓഫിസർമാർ സഹായിച്ചു. കോഴിക്കോട്ട് ആശുപത്രിയിലായിരുന്ന മുസ്‌ലിം ലീഗ് എംപി അബ്ദുൽ വഹാബും അനാരോഗ്യം അവഗണിച്ച് വീൽചെയറിൽ വോട്ട് ചെയ്യാനെത്തി. ഒരു ഡോക്ടർ വഹാബിന് അകമ്പടി വന്നു. കോവിഡ് ബാധയെ തുടർന്ന്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഊർജ മന്ത്രി ആർ.കെ.സിങ് എന്നിവർ പിപിഇ കിറ്റ് ധരിച്ചാണ് വോട്ടു ചെയ്യാനെത്തിയത്.
പ്രായാധിക്യം മറന്നും വോട്ടു ചെയ്യാനെത്തിയ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ്ങിന് വോട്ടിടുമ്പോൾ പിഴച്ചു. ഇക്കാര്യം വരണാധികാരിയെ അറിയിച്ചതോടെ രണ്ടാമത് അവസരം നൽകി. ഇതേ രീതിയിൽ ബിജെപിയിലെ നിതീഷ് പ്രാമാണിക്കിനും രണ്ടാമതു ബാലറ്റ് നൽകി. 21 ന് പാർലമെന്റ് മന്ദിരത്തിൽ വച്ചാണ് വോട്ടെണ്ണൽ. ദ്രൗപദി മുർമുവും പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. കക്ഷിഭേദമെന്യേ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ച ദ്രൗപതി മുർമു ജയമുറപ്പിച്ചിരിക്കുകയാണ്. പാർലമെന്റിലെ 63 ാം നമ്പർ മുറിയിലും അതത് നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണ് വോട്ടെടുപ്പ് നടത്തിയത്.
എംപിമാരും എംഎൽഎമാരുമായി 4809 വോട്ടർമാരാണുള്ളത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും.എംഎൽഎമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുമാണ്. 700 ആണ് എംപിമാരുടെ വോട്ട് മൂല്യം.സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152 ആണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചാണ് എല്ലാവരും വോട്ട് രേഖപ്പെടുത്തിയത്. രാജ്യസഭാ സെക്രട്ടറി പിസി മോദിയാണ് വരണാധികാരി.
മറുനാടന് മലയാളി ബ്യൂറോ