- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസിന് നാഥനായി; ഓഫീസിന്റെ നിയന്ത്രണം ഇനി സബ് കളക്ടർക്ക്; ആദ്യ കടമ്പ നിലച്ചുപോയ ഓഫീസിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കൽ
മൂന്നാർ: ജീവനക്കാരില്ലാതെ പ്രവർത്തനം നിലച്ച മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ നിയന്ത്രണം ഇനിമുതൽ ദേവികുളം സബ് കളക്ടർക്ക്. സ്പെഷ്യൽ തഹസിൽദാരുടെ നിയന്ത്രണത്തിലായിരുന്ന ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായതോടെ പ്രദേശത്തെ കൈയേറ്റങ്ങൾ വർദ്ധിച്ചിരുന്നു. തുടർന്ന് കളക്ടർ ഷീബാ ജോർജ് അന്വേഷണം നടത്തി ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമല്ലെന്ന് കണ്ടതിനെ തുടർന്നാണ് ഉത്തരവ്.
തഹസിൽദാർക്ക് കോവിഡ് ഡ്യൂട്ടിയുള്ളതും നാല് റവന്യൂ ഇൻസ്പെക്ടർമാരിൽ ഒരാൾ പോലും ഓഫീസിലെത്താത്തതുമാണ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണം. ഡെപ്യൂട്ടി കളക്ടർ, കളക്ടർക്ക് റിപ്പോർട്ടുനൽകിയതിനെ തുടർന്നാണ് ഇപ്പോഴത്തെ ഉത്തരവ്.
ഇനിമുതൽ മേഖലയിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കണ്ടെത്തി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് അതതു ദിവസം നാലുമണിക്ക് മുൻപ് സബ് കളക്ടർക്ക് റിപ്പോർട്ടു നൽകണം.
സ്പെഷ്യൽ ഓഫീസിലെ ഉദ്യോഗസ്ഥർ കുറവായതിനാൽ ഇത്തരം നടപടികൾക്ക് അതത് വില്ലേജുകളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടണം. ആഴ്ചാവസാനം സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരാഴ്ചത്തെ നടപടികൾ സംബന്ധിച്ച് അവലോകനം നടത്തി കളക്ടർക്ക് റിപ്പോർട്ടുനൽകണം.
ഇതിന് പുറമെ മാസങ്ങളായി അകാരണമായി ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെതിരേ നടപടിക്ക് ശുപാർശ. ദേവികുളത്ത് പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ ജിജി ഫ്രാങ്ക്ളിനെതിരേയാണ് നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ കളക്ടർക്ക് റിപ്പോർട്ടുനൽകിയത്. വർഷങ്ങളായി വിദേശത്തായിരുന്ന ഉദ്യോഗസ്ഥൻ മടങ്ങിയെത്തിയതിനെ തുടർന്നാണ് സർക്കാർ ഇയാളെ സ്പെഷ്യൽ റവന്യൂ ഓഫീസിലേക്ക് നിയമിച്ചത്. ദേവികുളത്ത് എത്തി ചുമതലയേറ്റശേഷം ഇയാൾ അധികൃതരുടെ അനുമതിയോ, അവധി അപേക്ഷയോ നൽകാതെ മുങ്ങുകയായിരുന്നു.
നേരത്തേ, കളക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ മനോജ് ദേവികുളത്തെ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിൽ മിന്നൽപരിശോധന നടത്തിയിരുന്നു. ഈ സമയം ഓഫീസിൽ ഒരുവില്ലേജ് ഫീൽഡ് അസിസ്റ്റന്റും ക്ലാർക്കും ഭൂസംരക്ഷണ സേനാംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. തഹസിൽദാരും നാല് റവന്യൂ ഉദ്യോഗസ്ഥരും അന്ന് സ്ഥലത്തില്ലായിരുന്നു.
മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി 2010-ലാണ് സർക്കാർ മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസ് സ്ഥാപിച്ചത്. തഹസിൽദാരുടെ നേതൃത്വത്തിൽ നാല് റവന്യൂ ഇൻസ്പെക്ടർമാർ, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരെയാണ് നിയമിച്ചിരുന്നത്.
അതേസമയം എം.ജി.കോളനിയിൽ സർക്കാർഭൂമി കൈയേറി വൻ കെട്ടിടനിർമ്മാണം നടത്തുന്നതായും പരാതി.സർവേ നമ്പർ 912-ൽപ്പെട്ട പത്തുസെന്റിലധികം ഭൂമിയാണ് കൈയേറിയത്. തറ കോൺക്രീറ്റ് ഉപയോഗിച്ച് പണിതശേഷം തൂണിന് കമ്പികൾ സ്ഥാപിക്കുന്ന പണികളാണ് നടന്നുവരുന്നത്.കനത്ത മഴയെ അവഗണിച്ചും നിരവധി തൊഴിലാളികളുടെ നേതൃത്വത്തിലാണ് പണികൾ.
സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന റവന്യൂഭൂമിയാണിത്. രണ്ടുവർഷം മുൻപ് രണ്ടുതവണ ഈ ഭൂമിയിലെ കൈയേറ്റശ്രമം റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിക്കേണ്ട സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പ്രവർത്തനം മന്ദഗതിയിലായതോടെയാണ് വീണ്ടും കൈയേറ്റങ്ങൾ ശക്തമായത്.എന്നാൽ സബ്കലക്ടർ ചുമതലയേൽക്കുന്നതോടെ കൈയേറ്റങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ
മറുനാടന് മലയാളി ബ്യൂറോ