- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ അഹമ്മദിന്റെ പകരക്കാരനായി മലപ്പുറത്ത് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയേക്കും; തങ്ങൾ കുടുംബത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി യൂത്ത് ലീഗ് അധ്യക്ഷൻ; അഹമ്മദ് അനൂകുല സഹതാപ തരംഗം കൂടിയാകുമ്പോൾ റെക്കോർഡ് ഭൂരിപക്ഷം തിരുത്തിക്കുറിക്കാനും കളമൊരുങ്ങും
തിരുവനന്തപുരം: മഹാരഥനായ മുസ്ലിം ലീഗ് ദേശീയാധ്യക്ഷൻ ഇ അഹമ്മദ് എം പിയുടെ മരണം തീർത്ത ആഘാതത്തിലാണ് സംസ്ഥാന രാഷ്ട്രീയം. പ്രിയ നേതാവിന്റെ വിയോഗത്തിന്റെ ദുഃഖം ലീഗ് നേതാക്കളിൽ ഇപ്പോഴും തളംകെട്ടി നിൽക്കുന്നു. ഇന്നലെ ജന്മാനാടായ കണ്ണൂരിലാണ് പ്രിയ നേതാവിന് വിടനൽകിയത്. അഹമ്മദിന്റെ വിയോഗത്തിലൂടെ സംസ്ഥാനത്ത് മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടിയാണ് കളമൊരുങ്ങുന്നത്. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ആര് സ്ഥാനാർത്ഥിയായാലും വിജയം സുനിശ്ചിതമാണ്. കേന്ദ്രത്തിൽ ബിജെപിയോടുള്ള എതിർപ്പു കൂടിയാകുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ആരായാലും പ്രതീക്ഷിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷമാണ്. സ്വന്തം തട്ടകത്തിൽ വിജയമല്ലാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ലീഗ് ഒരു വശത്തു നിൽക്കുമ്പോൾ സംസ്ഥാന ഭരണത്തിന്റെ മാറ്റുരക്കലുമാകും എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം. അതുകൊണ്ട് മുൻതവണത്തേക്കാൾ വോട്ട് താഴെ പോകാതിരിക്കാനായിരിക്കും സിപിഐ(എം) ശ്രദ്ധിക്കുക. എന്തായാലും ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ യാതൊരു വിധത്തിലുള്ള ചർച്ചകളും ആലോചനക
തിരുവനന്തപുരം: മഹാരഥനായ മുസ്ലിം ലീഗ് ദേശീയാധ്യക്ഷൻ ഇ അഹമ്മദ് എം പിയുടെ മരണം തീർത്ത ആഘാതത്തിലാണ് സംസ്ഥാന രാഷ്ട്രീയം. പ്രിയ നേതാവിന്റെ വിയോഗത്തിന്റെ ദുഃഖം ലീഗ് നേതാക്കളിൽ ഇപ്പോഴും തളംകെട്ടി നിൽക്കുന്നു. ഇന്നലെ ജന്മാനാടായ കണ്ണൂരിലാണ് പ്രിയ നേതാവിന് വിടനൽകിയത്. അഹമ്മദിന്റെ വിയോഗത്തിലൂടെ സംസ്ഥാനത്ത് മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടിയാണ് കളമൊരുങ്ങുന്നത്. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ആര് സ്ഥാനാർത്ഥിയായാലും വിജയം സുനിശ്ചിതമാണ്. കേന്ദ്രത്തിൽ ബിജെപിയോടുള്ള എതിർപ്പു കൂടിയാകുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ആരായാലും പ്രതീക്ഷിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷമാണ്.
സ്വന്തം തട്ടകത്തിൽ വിജയമല്ലാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ലീഗ് ഒരു വശത്തു നിൽക്കുമ്പോൾ സംസ്ഥാന ഭരണത്തിന്റെ മാറ്റുരക്കലുമാകും എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം. അതുകൊണ്ട് മുൻതവണത്തേക്കാൾ വോട്ട് താഴെ പോകാതിരിക്കാനായിരിക്കും സിപിഐ(എം) ശ്രദ്ധിക്കുക. എന്തായാലും ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ യാതൊരു വിധത്തിലുള്ള ചർച്ചകളും ആലോചനകളും ലീഗിലും സിപിഎമ്മിലും നടക്കുന്നില്ല. പ്രിയ നേതാവിന്റെ വിയോഗത്തിന്റെ ആഘാതം കഴിഞ്ഞ് പതിയെ മതി ഇതേക്കുറിച്ചുള്ള ചിന്തകളെന്നാണ് ലീഗിനുള്ളിൽ. എങ്കിലും ആരാകും ഇ അഹമ്മദിന്റെ പകരക്കാരനെന്ന ചോദ്യം അണികൾക്കിടയിൽ ഉയർന്നു കഴിഞ്ഞു.
ലീഗ് രാഷ്ട്രീയത്തിൽ പുത്തൻ താരോദയമായ യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് മലപ്പുറത്തു സ്ഥാനാർത്ഥിയാകാൻ സാധ്യത എന്നാണ് ലീഗ് അനുഭാവികൾ കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും ഒരംഗം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണെന്ന ചിന്ത അടുത്തിടെ ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ മുന്നോടിയായാണ് പാർട്ടിയിലെ ഗ്രൂപ്പ് കളികൾക്കൊടുവിൽ, സുസമ്മതനായ മുനവ്വറലിയെ യൂത്ത് ലീഗ് പ്രസിഡന്റാക്കിയതും.
ഈ നീക്കത്തലൂടെ ലീഗിന്റെ പ്രതിച്ഛായ കൂടുതൽ വർധിക്കുകയും ചെയ്തു. മുനവ്വറലിയുടെ സംശുദ്ധരാഷ്ട്രീയപാരമ്പര്യവും അന്തരിച്ച, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനെന്നതും ഉപതെരഞ്ഞെടുപ്പിൽ തുണയാകുമെന്നതിൽ ലീഗ് അണികൾക്കും നേതാക്കൾക്കും മറിച്ചൊരു അഭിപ്രായമില്ല. പൊതുവേ ലീഗിന് അനുകൂലമായ രാഷ്ട്രീയകാലാവസ്ഥയാണ് ഇപ്പോൾ കേരളത്തൽ. ഇതിന് പ്രധാന കാരണം ബിജെപിയുടെ മുന്നേറ്റം തന്നെയാണ്. അതുകൊണ്ട് മലപ്പുറത്തെ കാര്യങ്ങൾ ലീഗിന് എളുപ്പമാകുകയും ചെയ്യും.
ഈ സാഹചര്യത്തിൽ, വിവാദങ്ങളിൽപെടാത്ത പുതുമുഖത്തെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്നു മുനവ്വറലിയെ പിന്തുണയ്ക്കുന്നവർആവശ്യപ്പെടുന്നു. ലീഗിൽ ഈ നീക്കത്തെ ആരും എതിർക്കാനിടയില്ലെന്നു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. അടുത്തിടെ എ പി വിഭാഗവുമായി അടുക്കാൻ വേണ്ടി മുനവ്വറലി മുൻകൈയെടുത്തിരുന്നു. സുന്നി ഐക്യമെന്ന ലക്ഷ്യത്തോടെ മുനവറലി ശിഹാബ് കാരന്തൂർ മർക്കസിൽ ഒരു ചടങ്ങിന് എത്തുകയുമുണ്ടായി. ഏറെ കാലങ്ങൾക്ക് ശേഷമാണ് പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരംഗം എ.പി വിഭാഗം സുന്നികളുടെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തതും. ഇങ്ങനെ മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനായ വ്യക്തി കൂടിയാണ് മുനവ്വറലി തങ്ങൾ. അത്തരമൊരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയാൽ മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു കയറാമെന്ന് കരുതുന്നവർ ഏറെയാണ്.



