- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധ്യക്ഷ പദവിയിൽ കണ്ണുംനട്ടവരെ വെട്ടി യൂത്ത് ലീഗിന്റെ അമരക്കാരനും പാണക്കാട് കുടുംബത്തിൽ നിന്ന്; മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിനു കരുത്തു പകർന്നത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; അരങ്ങേറിയത് 2007-ന്റെ തനിയാവർത്തനം; സമസ്തയുടെ കണ്ണിലെ കരടായ ടി പി അഷ്റഫലി എം എസ് എഫ് ദേശീയ നേതൃത്വത്തിലെത്തും
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാനുള്ള നജീബ് കാന്തപുരത്തിന്റെയും പി കെ ഫിറോസിന്റെയും മോഹം പൊളിഞ്ഞു. സംഘടനയിൽ പ്രസിഡന്റ് പദവിക്കായി ഇരുവരും ശക്തമായ ചരടുവലികൾ നടത്തിയെങ്കിലും സമവായമുണ്ടാക്കാനാകാതെ വന്നതോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ടടപെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു. ദീർഘകാലം മുസ്ലിംലീഗിനെ നയിച്ച് എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ കൂടിയാണ് മുനവ്വറലി തങ്ങൾ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് റിട്ടേറിങ് ഓഫീസറുമായ ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഐകകണ്ഠേനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ മുമ്പൊരിക്കൽ മാത്രം പതിച്ചുനൽകിയ സീനിയർ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരത്തെ നേതൃത്വം
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാനുള്ള നജീബ് കാന്തപുരത്തിന്റെയും പി കെ ഫിറോസിന്റെയും മോഹം പൊളിഞ്ഞു. സംഘടനയിൽ പ്രസിഡന്റ് പദവിക്കായി ഇരുവരും ശക്തമായ ചരടുവലികൾ നടത്തിയെങ്കിലും സമവായമുണ്ടാക്കാനാകാതെ വന്നതോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ടടപെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു.
ദീർഘകാലം മുസ്ലിംലീഗിനെ നയിച്ച് എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ കൂടിയാണ് മുനവ്വറലി തങ്ങൾ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് റിട്ടേറിങ് ഓഫീസറുമായ ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഐകകണ്ഠേനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനയിൽ മുമ്പൊരിക്കൽ മാത്രം പതിച്ചുനൽകിയ സീനിയർ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരത്തെ നേതൃത്വം പരിഗണിച്ചപ്പോൾ പി കെ ഫിറോസിനെ ജനറൽസെക്രട്ടറിയാക്കിയും പാർട്ടി പണികൊടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടറിയായ പാലക്കാട് നിന്നുള്ള എം എ സമദാണ് ട്രഷറർ. ആറ് വൈസ് പ്രസിഡന്റുമാരെയും ഏഴ് സെക്രട്ടറിമാരെയും യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റാകാൻ അവസാന ദിവസം വരെയും അവകാശവാദം ഉന്നയിച്ച നജീബും ഫിറോസും വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകാത്തതിനെ തുടർന്നാണ് പാണക്കാട് മുനവ്വറലി തങ്ങളെ ലീഗ് നേതൃത്വം ഇടപെട്ട് രംഗത്തിറക്കിയത്. മുനവ്വറലി തങ്ങളെ പ്രതിഷ്ഠിക്കുന്നതിൽ പി കെ ഫിറോസിനെ തുണയ്ക്കുന്നവരിൽ ഉൾപ്പെടെ ഒരു വിഭാഗം കൗൺസിലർമാരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമെ നേതൃസ്ഥാനത്തേക്കുള്ളൂവെന്നും പാർട്ടിയിൽ ഐകകണ്ഠേനയുള്ള അഭിപ്രായമാണെങ്കിൽ മാത്രമേ സ്ഥാനം ഏറ്റെടുക്കൂവെന്നും മുനവ്വറലി തങ്ങളും വ്യക്തമാക്കി.
സംഘടനയിൽ പ്രശ്നങ്ങളുണ്ടാക്കി മത്സരിക്കാനില്ലെന്ന വിട്ടുവീഴ്ചാ സമീപനമാണ് നജീബ്
കാന്തപുരം സ്വീകരിച്ചത്. എന്നാൽ സംഘടനയിൽ ജനാധിപത്യമുണ്ടെന്നും മത്സരമുണ്ടാവുന്നത് സംഘടനാവിരുദ്ധമല്ലെന്നുമുള്ള നിലപാടാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ പി കെ ഫിറോസും അദ്ദേഹത്തെ തുണയ്ക്കുന്നവരും സ്വീകരിച്ചത്. ശേഷം പി കെ ഫിറോസും എം എ സമദും പ്രസിഡന്റായുള്ള രണ്ടു പാനൽ കൗൺസിലിനു മുമ്പാകെ എത്തിയെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കി സമവായത്തിലൂടെ നേതൃത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു.
മുനവ്വറലി തങ്ങളുടെ വരവോടെ മാതൃസംഘടനയ്ക്കു പുറമെ, യൂത്ത്ലീഗ് നേതൃത്വവും പാണക്കാട് കുടുംബത്തിൽ നിന്നു തന്നെ ആയിരിക്കുകയാണ്. 2007-ൽ (ഇപ്പോഴത്തെ മന്ത്രി) ഡോ. കെ ടി ജലീലും കെ എം ഷാജിയും യൂത്ത്ലീഗ് നേതൃത്വം പിടിക്കാൻ മത്സരമുണ്ടായപ്പോൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യൂത്ത്ലീഗിന്റെ പ്രസിഡന്റാക്കി കൊണ്ടുവന്ന ചരിത്രത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്നലെയുണ്ടായത്. അന്ന് ടി ടി ഇസ്മാഈലിനായിരുന്നു സീനിയർ വൈസ്പ്രസിഡന്റ് പദവി നൽകിയിരുന്നത്. ഡോ. കെ ടി ജലീലിനെ സംഘടനയിൽ ഒതുക്കി യൂത്ത് ലീഗ് ദേശീയ കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം ഈ ഭിന്നതയുടെ തുടർച്ചയെന്നോണം പാർട്ടി വിടുന്ന സാഹചര്യത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ എത്തിയത്.
നജീബ് കാന്തപുരവും പി കെ ഫിറോസും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഗുഡ്ലിസ്റ്റിലുള്ള മികച്ച സംഘാകരാണെങ്കിലും അവരെ പരിഗണിക്കാനാവാത്ത പ്രത്യേക സാഹചര്യത്തിൽ രംഗത്തിറക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനാണ്. മികച്ച ബൗദ്ധിക പ്രതിഭകൂടിയായ മുനവ്വറലി തങ്ങളെ, ശിഹാബ് തങ്ങളുടെ മരണശേഷം നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടി പലവട്ടം മനസ്സ് വച്ചിരുന്നെങ്കിലും ഇ കെ വിഭാഗം സമസ്തയിലെ ഒരു ചെറിയ വിഭാഗത്തിനുണ്ടായിരുന്ന അനിഷ്ടം കാരണം അത് നീണ്ടു.
ഉപ്പയുടെ വഴിയെ രാഷ്ട്രീയത്തിലേക്കു പാദമൂന്നാൻ മുനവ്വറലി തങ്ങൾക്കു മോഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ ചില കാരണവന്മാരുടെ താൽപ്പര്യക്കുറവും അതിനു വിലങ്ങുതടിയായി. അതാണിപ്പോൾ സമവായത്തിലൂടെ യൂത്ത്ലീഗിന്റെ രക്ഷക റോളിലേക്ക് മുനവ്വറലിയെ ഉയർത്തിയത്. ലീഗിന്റെ രാജ്യസഭ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് അന്ന് പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദിന് അനുകൂലമായ രീതിയിൽ ഒരു പോസ്റ്റ് പ്രചരിച്ചതിന്റെ സൂത്രധാരൻ മുനവ്വറലി തങ്ങളാണെന്നും വിവരങ്ങളുണ്ടായിരുന്നു.
ഇതിനു കുഞ്ഞാലിക്കുട്ടിയുടെ മൗനാനുവാദവും ഉണ്ടായിരുന്നുവത്രെ. എന്നാൽ ഹൈദരലി തങ്ങൾക്കും ഇ കെ സമസ്തയ്ക്കും കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലുള്ള പി വി അബ്ദുൽവഹാബിനോടായിരുന്നു താൽപര്യമെന്നതിനാൽ മാത്രമാണ് രാജ്യസഭ ടിക്കറ്റ് വഹാബിലെത്തിയത്.
മുനവ്വറലി തങ്ങൾ പൊതുവെ എല്ലാ മതവിഭാഗങ്ങളുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന ആൾ കൂടിയാണ്. പാണക്കാട് കുടുംബത്തിലെ മറ്റു തങ്ങന്മാരേക്കാൾ മുനവ്വറലിക്കുള്ള പ്രതിഭാവിലാസം സംഘടനയ്ക്കും ഭാവിയിൽ കൂടുതൽ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. മുനവ്വറലിയുടെ ധിക്ഷണയും ഫിറോസിന്റെ സംഘാടനാ പാടവവും വാക്ചാതുരിയും യൂത്ത്ലീഗിന് കൂടുതൽ മുതൽക്കൂട്ടാവുമെന്നാണ് അണികളുടെയും ഇതര മതവിഭാഗങ്ങളുടെയും പൊതു ധാരണ.
എന്നാൽ ഒരു ഘട്ടത്തിൽ സമസ്ത ഇ കെ വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ ടി പി അഷ്റഫലിക്കു സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. നാളെ പാലക്കാട് ചേരുന്ന എം എസ് എഫ് ദേശീയ സമ്മേളനത്തിൽ ഇദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കു പരിഗണിക്കുമെന്നാണ് സൂചന. ഒരു മാസത്തിനകം ബാംഗ്ലൂരിൽ ചേരുന്ന യൂത്ത് ലീഗ് ദേശീയ മീറ്റിൽ സ്ഥാനമൊഴിഞ്ഞ പി എം സാദിഖലിയെയോ സി കെ സുബൈറിനെയോ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുമെന്നും പറയുന്നു.
അഡ്വ. സുൽഫീക്കർ സലാം (കൊല്ലം), ഫൈസൽ ബാഫഖി തങ്ങൾ (മലപ്പുറം), പി. ഇസ്മായിൽ (വയനാട്), പി.കെ സുബൈർ (കണ്ണൂർ), പി.എ അബ്ദുൽകരീം (തൃശ്ശൂർ), പി എ അഹമ്മദ് കരീം (എറണാകുളം)-വൈസ് പ്രസിഡന്റുമാർ, മുജീബ് കാടേരി (മലപ്പുറം), പി ജി മുഹമ്മദ് (കോഴിക്കോട്), കെ എസ് സിയാദ് (ഇടുക്കി), ആഷിക്ക് ചെലവൂർ (കോഴിക്കോട്), വി വി മുഹമ്മദലി (കോഴിക്കോട്), എ കെ എം അഷറഫ് (കാസർകോട്), പി പി അൻവർ സാദത്ത് (പാലക്കാട്)-സെക്രട്ടറിമാർ എന്നിവരാണ് യൂത്ത്ലീഗിന്റെ മറ്റു ഭാരവാഹികൾ. കൗൺസിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി പി വി അബ്ദുൾ വഹാബ് എം പി, കെ എസ് ഹംസ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ സുബൈർ സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽസെക്രട്ടറി പി കെ ഫിറോസ് നന്ദിയും പറഞ്ഞു.



